മുടപുരം :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ തൊഴിൽ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ അഭ്യസ‌്തവിദ്യരായ യുവതീയുവാക്കൾക്ക് വിവിധ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതുവഴി സ്ഥായിയായ വരുമാനം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ ഗവ.പോളിടെക്നിക് കോളേജിലെ സി.ഡി.ടി.പി സെന്റർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ്, തോന്നയ്ക്കൽ സായിഗ്രാമം എന്നിവരുടെ സഹായത്തോടെയാണ് പ്രാദേശിക തൊഴിൽ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങുക. ആദ്യഘട്ടത്തിൽ 150 പേർക്കുള്ള പരിശീലന പരിപാടിക്കാണ് തുടക്കംകുറിച്ചത്.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന പരിശീലനാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം ഇവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ബാങ്ക് വായ‌്പ ഉൾപ്പെടെയുള്ള സഹായങ്ങൾ ബ്ലോക്ക് പഞ്ചായത്തിൽനിന്ന‌് ലഭ്യമാക്കും.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിശീലന കോഴ്സുകളുടെ ഉദ്ഘാടനയോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം എസ്.ചന്ദ്രൻ അദ്ധ്യക്ഷനായി. ആറ്റിങ്ങൽ ഗവ. പോളിടെക‌്‌നിക‌് പ്രിൻസിപ്പൽ പി.ഒ.സാർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻദേവ്, ജോയിന്റ‌് ബി.ഡി.ഒ എസ്.ആർ.രാജീവ്, സി.ഡി.ടി.പി സ്‌കീം ജൂനിയർ കൺസൾട്ടന്റ‌് പി. ഗോപകുമാർ എന്നിവർ സംസാരിച്ചു.