ലോക ജനസംഖ്യയുടെ പകുതിവരുന്ന സ്ത്രീകളിൽ ഗണ്യവിഭാഗം ഇന്നും പാരതന്ത്ര്യത്തിന്റെ തടവറയിലാണ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിളംബരത്തിൽ സ്ത്രീയുടെ പുരുഷനോടൊപ്പമുള്ള തുല്യാവകാശത്തെ എടുത്തുകാട്ടുന്നുണ്ടെങ്കിലും ഇൗ തത്വം സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശ പട്ടികയിലെ ആദ്യ ഇനമായ സമത്വത്തിനുള്ള അവകാശത്തിന് കീഴിൽ സ്ത്രീകൾക്ക് നിയമത്തിനു മുമ്പിൽ സമത്വവും തുല്യമായ നിയമ സംരക്ഷണവും ഉറപ്പുവരുത്തുന്നു. എന്നാൽ, ഇൗ അവകാശങ്ങൾ പരിരക്ഷിക്കാൻ സ്ത്രീകൾക്ക് ഒറ്റയ്ക്കും കൂട്ടായും പല സന്ദർഭങ്ങളിലായി നിയമപോരാട്ടം നടത്തേണ്ടിവന്നു
ലോകമെമ്പാടും രാജ്യവ്യവസ്ഥിതിയും മതങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകളായി സ്ത്രീകളെ അടിമകളാക്കുകയാണുണ്ടായത്. സ്ത്രീകൾക്ക് നിഷേധിച്ചിരുന്ന വ്യക്തിസ്വാതന്ത്ര്യവും സ്വത്ത്, തൊഴിൽ, വിദ്യാഭ്യാസം, സമ്മതിദാനം തുടങ്ങിയ അവകാശങ്ങളും ലഭ്യമാക്കുന്നതിന് സാമൂഹ്യ പരിഷ്കർത്താക്കളും സ്ത്രീകളും പോരാടേണ്ടിവന്നു.
ഇന്ത്യയിൽ നരബലിയും സതിയും ആചാരമോ അനുഷ്ഠാനമോ ആയിരുന്നു. ഇൗ കൊലപാതകവും ആത്മഹത്യയും നിയമംമൂലമാണ് തടയപ്പെട്ടത്. 1987 ൽ രാജസ്ഥാനിൽ രൂപ് കൻവർ എന്ന സ്ത്രീ ഭർത്താവിന്റെ ചിതയിൽ ചാടി കത്തിയെരിഞ്ഞത് ലോകത്തെ ഞെട്ടിച്ചു. ഇൗ ദുരാചാരത്തിന് അനുകൂലമായി പ്രകടനം നടത്താൻ സ്ത്രീകൾ തന്നെ തയ്യാറായത് അനാചാരങ്ങളോട് ചിലർ പുലർത്തുന്ന മാനസിക അടിമത്തം സൂചിപ്പിക്കുന്നു.
രാജഭരണകാലത്ത് അന്തഃപുരങ്ങളിലും ഹാരങ്ങളിലും സ്ത്രീകളെ തടങ്കലിലെന്നപോലെ പാർപ്പിച്ചിരുന്നു. ദേവദാസി സമ്പ്രദായം അടുത്തകാലംവരെ നിലനിന്നിരുന്നു. പെൺപണം വാങ്ങി സ്ത്രീകളെ വിൽക്കുന്ന സമ്പ്രദായം കേരളത്തിൽ പോലും ഉണ്ടായിരുന്നു. ശൈശവവിവാഹം, പുലപ്പേടി, മണ്ണാപ്പേടി, സംബന്ധം എന്നീ സാംസ്കാരിക ജീർണതകൾ പോലും നിലനിന്നിരുന്നു. സ്ത്രീകൾക്ക് മാറുമറയ്ക്കാനും ആഭരണങ്ങൾ അണിയാനും കഴിയാത്ത ദുരവസ്ഥ. ഇൗ സ്ത്രീവിരുദ്ധ അനാചാരങ്ങൾ അവസാനിപ്പിക്കാൻ അനേകവർഷക്കാലത്തെ ആശയപ്രചാരണം വേണ്ടിവന്നു.
നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും ഭാഗമായാണ് ക്ഷേത്രങ്ങളിൽ കീഴ്ജാതിക്കാർക്ക് പ്രവേശനം ലഭിച്ചത്. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും സ്ത്രീ പ്രവേശനം ഉണ്ടായത് കോടതിയുടെ ഇടപെടലിനെ തുടർന്നാണ്. ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് സുപ്രീംകോടതി വിധി കല്പിച്ചത് സ്ത്രീകൾക്ക് തുല്യനീതി എന്ന ഭരണഘടനാ ചട്ടപ്രകാരമാണ്.
ഇന്ത്യൻ ഭരണഘടന പ്രകാരം സ്വാതന്ത്ര്യത്തിനുള്ള അവകാശം സ്ത്രീകൾക്കുണ്ടെങ്കിലും സ്ത്രീകൾ സ്വാതന്ത്ര്യമർഹിക്കുന്നില്ലെന്നാണ് ഇപ്പോഴും ചിലരുടെ വിശ്വാസം. പുരുഷന്റെ വാരിയെല്ലിൽനിന്നുമാണ് സ്ത്രീ ഉണ്ടായതെന്നും പാപം ഉണ്ടാകാൻ കാരണം സ്ത്രീയാണെന്നുമാണ് ചില മതങ്ങളുടെ സങ്കല്പം. സ്ത്രീകൾ മൂടുപടമണിയണമെന്ന് മറ്റുചിലർ വാദിക്കുന്നു. ബഹുഭാര്യാത്വം, ബഹുഭർത്തൃത്വം തുടങ്ങിയവയെ അംഗീകരിക്കുന്ന മതങ്ങളും ഉണ്ട്.
സ്ത്രീകൾക്കുള്ള സ്വത്തവകാശം മിക്ക മതങ്ങളും അംഗീകരിച്ചിരുന്നില്ല. ഇന്നിപ്പോൾ സ്വത്തവകാശം ഉണ്ടെങ്കിലും ലോകത്തിലെ സ്വകാര്യ സ്വത്തിന്റെ പത്തിലൊന്നു മാത്രമാണ് സ്ത്രീകളുടെ പേരിലുള്ളത്. യൂറോപ്പിലും മറ്റും പാരമ്പര്യ സ്വത്തിനെക്കാൾ ആർജ്ജിത സ്വത്തുക്കളുള്ള സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇന്ത്യയിൽ ഹിന്ദുവ്യക്തി നിയമങ്ങൾ പലതും സ്ത്രീവിരുദ്ധമായിരുന്നു. വിധവകൾക്ക് പുനർവിവാഹത്തിന് അവകാശമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് പിന്തുടർച്ചാവകാശത്തിൽ മാറ്റം വരുത്തിയതുകൊണ്ടാണ് വിധവകൾക്ക് സ്വത്തവകാശം ലഭിച്ചത്. മുസ്ളിം ശരിഅത്ത് നിയമപ്രകാരം സ്വത്ത് വിവാഹം, വിവാഹമോചനം, ജീവനാംശം എന്നീ കാര്യങ്ങളിൽ സ്ത്രീകളുടെ സ്ഥിതി മോശമായിരുന്നു.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും കേരളത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികൾക്ക് പ്രത്യേക പിന്തുടർച്ചാനിയമമാണുണ്ടായിരുന്നത്. തിരുവിതാംകൂറിൽ വിൽപ്പത്രമെഴുതാതെ മരിക്കുന്ന ഒരാളുടെ സ്വത്തിൽ അമ്മയ്ക്കോ ഭാര്യയ്ക്കോ ഒരംശം ലഭിക്കുമായിരുന്നു എന്നാൽ സ്വത്തിൽ പെൺമക്കൾക്ക് അവകാശമുണ്ടായിരുന്നില്ല. കൊച്ചിയിൽ വനിതകൾക്ക് ലഭിക്കുന്ന തുക പുത്രന് ലഭിക്കുന്നതിന്റെ മൂന്നിലൊന്നുമാത്രമായിരുന്നു.
നിയമങ്ങളിലെ അന്തരം ചൂണ്ടിക്കാട്ടിയാണ് മേരിറോയ് സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ പിതാവിന്റെ സ്വത്തിൽ സഹോദരന്മാർക്കൊപ്പം തനിക്കും അവകാശമുണ്ടെന്ന് മേരിറോയ് വാദിച്ചു. ഭരണഘടനയിലെ 14-ം വകുപ്പ് അനുശാസിക്കുന്ന സമത്വവ്യവസ്ഥയുടെ ലംഘനമാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് 1986 ൽ വിധി പ്രഖ്യാപിച്ചത്. മുസ്ളിം നിയമപ്രകാരം സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടെങ്കിലും ആൺമക്കൾക്ക് ലഭിക്കുന്ന ഒാഹരിയുടെ പകുതിമാത്രം- തുല്യാവകാശമില്ലെന്ന് ചുരുക്കം.
ഷാബാനോ എന്ന സ്ത്രീക്ക് മൊഴി ചൊല്ലിയ ഭർത്താവ് ജീവനാംശം കൊടുക്കണമെന്ന കീഴ്‌ക്കോടതി വിധി സുപ്രീംകോടതി സ്ഥിരീകരിച്ചപ്പോൾ കോൺഗ്രസിന്റെ കേന്ദ്രസർക്കാർ അതിനെ സ്വാഗതം ചെയ്തിരുന്നു. മുസ്ളിംലീഗിന്റയും മറ്റും സമ്മർദ്ദഫലമായി സുപ്രീംകോടതി വിധി മറികടക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നു. പിന്നീട് മുസ്ളിം സ്ത്രീകൾ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായാണ് മുത്തലാഖ് സമ്പ്രദായം നിരോധിക്കാൻ സുപ്രീംകോടതി വിധിച്ചത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.
സ്ത്രീകൾ കായികശക്തിയിലും ബൗദ്ധിക ശേഷിയിലും പിന്നിലാണെന്ന പഴയ സങ്കല്പം ആധുനിക സ്ത്രീകൾ തൊഴിൽ, വിദ്യാഭ്യാസം എന്നിവയിലൂടെയാണ് തിരുത്തിക്കുറിച്ചത്. കേരളത്തിൽ കൃഷി, നിർമ്മാണം, പാരമ്പര്യ വ്യവസായം എന്നീ തൊഴിൽ മേഖലകളിൽ അദ്ധ്വാനപരമായ ജോലികളിൽ പുരുഷന്മാരെക്കൾ മുന്നിൽ സ്ത്രീകളാണ്. കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിനികളാണ് മുന്നിൽ. സ്ത്രീകൾ പ്രാവീണ്യം തെളിയിക്കാത്ത ഒരു മേഖലയും കേരളത്തിലില്ല. തുല്യജോലിക്ക് തുല്യവേതനം എന്ന ഭരണഘടനയിലെ നിർദ്ദേശകത്വം കേരളത്തിൽ പാലിക്കപ്പെടുന്നുണ്ട്. കുടുംബശ്രീ എന്ന വനിതാ തൊഴിൽ സംവിധാനം കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ കൊടിയടയാളമാണ്.
1992 ലെ ഭരണഘടനാ ഭേദഗതിപ്രകാരം ഇന്ത്യയിൽ നടപ്പാക്കിയ ത്രിതല പഞ്ചായത്തിലെ 33 ശതമാനം സ്ത്രീസംവരണം ഫലപ്രദമാക്കിയ സംസ്ഥാനം കേരളമാണ്. 2010 മുതൽ കേരളത്തിൽ സ്ത്രീസംവരണം 50 ശതമാനമാക്കി. കേരള മാതൃക പിന്തുടർന്ന് ദേശീയ തലത്തിൽ ലോക്‌സഭയിലും നിയമസഭയിലും 50 ശതമാനം സ്ഥാനങ്ങൾ ലഭ്യമാക്കേണ്ടതാണ്. സ്ത്രീകളുടെ അംഗത്വം വർദ്ധിക്കുന്നതനുസരിച്ച് രാഷ്ട്രീയ കക്ഷികളുടെ സ്ഥാനങ്ങളിലും സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണം. രാഷ്ട്രീയ രംഗത്തും തുല്യത സ്ത്രീയുടെ അവകാശമാണ്.
മതങ്ങളിൽ പുരോഹിതരാവാൻ ഇപ്പോൾ സ്ത്രീകൾക്ക് അവസരമില്ല. ചില ക്രിസ്ത്യൻ സഭകളിൽ വൈദിക സ്ഥാനത്ത് സ്ത്രീകൾ നാമമാത്രമായി എത്തിയിട്ടുണ്. വിവിധ മതമേധാവികളാവാൻ ഭാവിയിൽ സ്ത്രീകൾക്ക് കഴിയണം. ഏത് മതവിഭാഗത്തിന്റേയും ആരാധനാലയങ്ങളിൽ പൗരോഹിത്യ ചുമതലയിൽ സ്ത്രീകൾ അവരോധിക്കപ്പെടണം.
സ്ത്രീയും പുരുഷനും തമ്മിലുള്ള സമന്വയത്തിലാണ് പ്രപഞ്ചം നിലനിൽക്കുന്നത്. സ്ത്രീയും പുരുഷനും പരസ്പരം പോരാടേണ്ട ശത്രുക്കളല്ല. ഇവരുടെ സഹവർത്തിത്വത്തിലൂടെയാണ് വിശ്വമാനവികത ശക്തിപ്പെടേണ്ടത്. തുല്യത എന്ന സ്ത്രീകളുടെ ജന്മവകാശം അംഗീകരിക്കാത്ത മതാചാരങ്ങളെയും രാഷ്ട്രീയ കക്ഷികളെയും സ്ത്രീകൾ ബഹിഷ്കരിക്കണം. സ്ത്രീകളെ അടിമകളാക്കിയ മതാചാരങ്ങളെയും വ്യവസ്ഥിതിയെയും കുഴിച്ചുമൂടാൻ ഒരു സ്ത്രീ വിപ്ളവത്തിന് സ്ത്രീശക്തി ഉണരണം.