തിരുവനന്തപുരം: ലോകമെങ്ങും ജാതിമത ഭേദമന്യേ ആരാധകരുള്ള ആത്മീയാചാര്യനും പ്രഭാഷകനുമാണ് സ്വാമി സന്ദീപാനന്ദഗിരി. നിത്യജീവിതത്തിൽ ഭഗവദ്ഗീതോപദേശത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ് ലളിതഭാഷയിലുള്ള അദ്ദേഹത്തിന്റെ ഗീതാപ്രഭാഷണങ്ങൾ.
കോഴിക്കോട് മാങ്കാവ് സ്വദേശിയാണ്. ചിന്മയാ യുവകേന്ദ്രത്തിന്റെ പ്രവർത്തകനായിരുന്നു. പിന്നീട് ഗിരി സന്ന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരം കുണ്ടമൺകടവിൽ ആശ്രമം സ്ഥാപിച്ചു. ഭവിഷ്യ എന്ന സ്കൂളും ആശ്രമത്തോടനുബന്ധിച്ചുണ്ട്.
സ്കൂൾ ഒഫ് ഭഗവദ്ഗീത സ്ഥാപകനാണ്. ധർമ്മശാസ്ത്രം, സതാനതധർമ്മം, ഭഗവദ്ഗീത, ഭാഗവതം, മഹാഭാരതം എന്നിവയിൽ അഗാധപാണ്ഡിത്യം. പത്ത്ദിവസം കൊണ്ട് ഭഗവദ്ഗീത വ്യാഖ്യാനിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിന്റ പ്രഭാഷണങ്ങൾ ഏറെ പ്രചാരം നേടിയിട്ടുണ്ട്.ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തെക്കുറിച്ചുള്ള സർവമതസമ്മേളനങ്ങളിലെ പ്രഭാഷണങ്ങൾ ശ്രദ്ധേയമാണ്.ഗുരുദേവന്റെ മറ്റ് കൃതികളും സരളമായി വ്യാഖ്യാനിക്കാറുണ്ട്.സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചാനൽ ചർച്ചകളിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. ആത്മീയ വ്യാപാരത്തെയും ആൾദൈവങ്ങളെയും ഹിന്ദുമതദർശനങ്ങൾ മുൻനിറുത്തി എതിർത്തു. അയ്യപ്പൻ നൈഷ്‌ഠിക ബ്രഹ്മചാരിയാണെന്ന് തന്ത്രശാസ്ത്രപ്രകാരം തെളിയിക്കാൻ സന്ദീപാനന്ദഗിരി വെല്ലുവിളിച്ചിരുന്നു. നിപ്പ പടർന്നുപിടിച്ചപ്പോൾ, കെട്ടിപ്പിടിച്ചും തലോടിയും രോഗശാന്തി വരുത്തുന്നവരെ കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നുവെന്ന് ആൾദൈവങ്ങളെ പരിഹസിച്ചിരുന്നു. കാശ്‌മീരിൽ പിഞ്ചുബാലിക കൊല്ലപ്പെട്ടപ്പോൾ, ഈശ്വരൻ ദേവാലയങ്ങൾക്ക് അകത്തല്ലെന്നതിന് വേറെ തെളിവു വേണോ എന്നായിരുന്നു പരാമർശം. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാറിനെ, മഹാഭാരതകാലത്ത് ഇന്റർനെറ്റുണ്ടായിരുന്നെന്ന പരാമർശത്തിന്റെ പേരിൽ കളിയാക്കിയിരുന്നു. സോഷ്യൽമീഡിയയിൽ നിരവധി ആക്രമണങ്ങൾക്ക് വിധേയനായി. ഇടതുപക്ഷ രാഷ്ട്രീയത്തിനേ മതങ്ങളെ ശുദ്ധീകരിക്കാനാവൂ എന്ന് സി.പി.എം വേദിയിൽ സന്ദീപാനന്ദഗിരി പറഞ്ഞിട്ടുണ്ട്. പഠനകാലത്ത് എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ പ്രവർത്തകനായിരുന്നു. പൂർവ്വാശ്രമത്തിലെ പേര് തുളസീദാസ് എന്നാണ്.