school-athletics

തിരുവനന്തപുരം : ജീവിത പ്രതിസന്ധികളോട് പൊരുതി വളർന്ന പാലക്കാട്ടുകാരി ജെ.വിഷ്ണുപ്രിയ സ്പോർട്സ് രംഗത്ത് സജീവമായിട്ട് വെറും മൂന്നുവർഷം. പക്ഷേ 400മീറ്റർ ഹർഡിൽസിൽ ഈപെൺകുതിപ്പിനെ മറികടക്കാൻ ഇതിനിടെ മറ്റാരും ഉണ്ടായില്ല. തന്റെ അവസാന സ്കൂൾ മീറ്റിലെ പ്രകടനവും പൊൻതിളക്കത്തിൽ അവിസ്മരണീയമാക്കിയാണ് ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും വിഷ്ണുപ്രിയ മടങ്ങിയത്. സീനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ പതിവ് പോലെ ആധിപത്യം ഉറപ്പിച്ച് സ്വർണം കൊയ്തു. ഇതോടെ ഈ പാലക്കാടൻ പെൺകൊടി ചുരുങ്ങിയ കാലം കൊണ്ട് 400മീറ്റർ ഹർഡിൽസിൽ സംസ്ഥാന-ദേശീയ തലത്തിൽ നേടിയ മെഡലുകളുടെ എണ്ണം 11ആയി.

എട്ടാം ക്ലാസ് വരെ ജില്ലാ തലത്തിൽ മാത്രം ഒതുങ്ങിയ താരമായിരുന്നു വിഷ്ണുപ്രിയ. 9-ാക്ലാസിലെത്തിയപ്പോൾ പാലക്കാട് യൂത്ത് ഒളിമ്പിക്സ് ക്ലബിൽ ഹരിദാസന്റെ കീഴിൽ പരിശീലനത്തിനെത്തി. 10 ക്ലാസ് മുതലാണ് 400 മീറ്ററിൽ പരിശീലനം തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് മെഡലുകളുടെ പെരുമഴ. സ്കൂൾ മീറ്റിൽ ഇത് രണ്ടാംവട്ടമാണ് മത്സരിക്കുന്നതെങ്കിലും ഇതിനിടെ നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു .

2017ൽ ഹൈദരബാദിൽ നടന്ന യൂത്ത‌് നാഷണലിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ നേടികൊണ്ടായിരുന്നു തുടക്കം. തുടർന്ന‌് 2018ൽ കോയമ്പത്തൂരിൽ നടന്ന ജൂനിയർ ഫെഡറേഷനിലും വിജയവാഡയിൽ നടന്ന അമച്വർ നാഷണലിലും ഹരിയാനയിൽ നടന്ന സ‌്കൂൾ നാഷണലിലും ഗുജറാത്തിൽ നടന്ന യൂത്ത് നാഷണലിലും സ്വ‌ർണം വാരിക്കൂട്ടി. ബാങ്കോക്കിൽ നടന്ന യൂത്ത് ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനം നേടി. പിന്നാലെ അർജന്റീനയിൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ പങ്കെടുത്തെങ്കിലും ഭക്ഷ്യവിഷബാധ ബാധിച്ചതിനാൽ 12-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

സ്പോർട്ട്സിലെന്നപോലെ പഠനത്തിനും മിടുമിടുക്കിയാണ് എലപ്പുള്ളി മുതിരംപള്ളത്ത് വെൽഡിംഗ് തൊഴിലാളിയായ എം.ജയപ്രകാശന്റെയും എം. ഗിരിജയുടേയും ഇളയമകൾ. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിഷ്ണു പ്രിയ പ്ലസ് വണ്ണിന് അ‌ഞ്ച് എപ്ലസും ഒരു എയും നേടി കഴിഞ്ഞു. പ്ലസ്ടുവിന് കൂടുതൽ മാർക്ക് പ്രതീക്ഷിക്കുകയാണ് പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.സിലെ ഈ ബയോളജിസയൻസ് വിദ്യാർത്ഥിനി.