gurudevan

തിരുവനന്തപുരം: വിദ്യാഭ്യാസത്തിലും സാക്ഷരതയിലുമെല്ലാം കേരളം കൈവരിച്ച ഉന്നതിയിൽ ശ്രീനാരായണ ഗുരുദേവന്റെ സംഭാവനകൾ വിസ്‌മരിക്കാനാവില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

ശിവഗിരിയിൽ ഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ചുള്ള മഹാമണ്ഡല പൂജാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപനിഷത് തത്വങ്ങളടക്കം സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവരിലേക്ക് വരെ എത്തിക്കാൻ ലളിതമായ ഭാഷയിൽ ഗുരുദേവൻ നിർവചിച്ചു. ഒരുപാട് സന്യാസിമാരെ പരിചയപ്പെട്ടെങ്കിലും ഗുരുദേവനെ പോലെ ഒരു സന്യാസിവര്യനെ കണ്ടിട്ടില്ലെന്നാണ് മഹാകവി രവീന്ദ്രനാഥ ടാഗോർ പറഞ്ഞത്. നാട് അടിമത്തത്തിലായിരുന്ന കാലത്താണ് ഗുരുദേവൻ ഹിന്ദു സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കാൻ നേതൃത്വം നൽകിയത്. അതിന്റെ ഫലമായാണ് ഇന്ന് ഹിന്ദുസമൂഹം സുരക്ഷിതമായിരിക്കുന്നത്. പിന്നാക്ക സമുദായത്തിൽ ജനിച്ച ഗുരുദേവൻ മതപരിവർത്തനത്തിനെതിരായി ശക്തമായ സന്ദേശം നൽകി. വിദ്യ കൊണ്ട് പ്രബുദ്ധരാവാനും സംഘടിച്ച് ശക്തരാകാനും വ്യവസായം കൊണ്ട് വളരാനും ശുചിത്വം പാലിക്കാനും കൃഷി ചെയ്യാനുമെല്ലാം ഉദ്ബോധിപ്പിച്ച ഗുരുദേവൻ കാലിക വിഷയങ്ങളിൽ സമൂഹത്തിന് ശക്തമായ സന്ദേശങ്ങളാണ് നൽകിയത്. എസ്.എൻ.ഡി.പി യോഗവും ശിവഗിരിമഠവും ചേർന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് നൽകിയ സേവനങ്ങളും പ്രശംസനീയമാണ്. അനേകം ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്ത ഗുരുദേവൻ സമ്പൂർണ സന്യാസിയായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജീവിതത്തെ ആസ്പദമാക്കി കേരളകൗമുദി തയ്യാറാക്കിയ 'ചരിത്രനായകൻ' എന്ന ഗ്രന്ഥം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിക്ക് ആദ്യപ്രതി കൈമാറി അമിത് ഷാ പ്രകാശനം ചെയ്തു.