തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച മാസ്റ്റർ പ്ലാനിലെ പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്. ഇതിനായി 717 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന റോഡ് വികസനത്തിനും മൾട്ടി ലെവൽ കാർ പാർക്കിംഗിനുമായി ആദ്യ ഗഡു അനുവദിച്ചു. ഗതാഗതവും അനുബന്ധ സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തിൽ വികസിപ്പിക്കുന്നത്. പ്രവേശന കവാടം മുതൽ ശ്രീചിത്രയ്ക്ക് സമീപം കൂടി സി.ഡി.സി വരെയും എസ്.എ.ടി അമ്മയും കുഞ്ഞും പ്രതിമ മുതൽ മോർച്ചറിയും എസ്.എസ്.ബിയും കഴിഞ്ഞ് പ്രധാന റോഡ് വരെയും ഒ.പി റോഡ് മുതൽ ശ്രീചിത്രയുടെ പുതിയ കെട്ടിടം വരെയുമുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള രണ്ടുവരിപ്പാത മൂന്നുവരിയാക്കി വൺവേ സമ്പ്രദായം ഏർപ്പെടുത്തും.

മെഡി. കോളേജ് റോഡ് വികസനത്തിന് 18.6 കോടിയും പുതിയ മേൽപ്പാല റോഡിന് 12.31 കോടിയും മൾട്ടി ലെവൽ കാർ പാർക്കിംഗിന് 25.24 കോടി രൂപയും ഇലക്ട്രിക്കൽ ജോലികൾക്ക് 2.18 കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ സെന്റർ ഒഫ് എക്‌സലൻസ് ആക്കുന്നതിന്റെ ഭാഗമായാണ് മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ശ്രീചിത്രയ്ക്ക് സമീപം മുതൽ ഒ.പി ബ്ലോക്കിന് മുൻവശത്തുള്ള ചതുപ്പ് നിലത്തിനു മുകളിലൂടെ മെൻസ് ഹോസ്റ്റലിനും പി.എം.ആറിനും ഇടയിലൂടെ കുമാരപുരം റോഡിൽ വന്നിറങ്ങുന്ന എലിവേറ്റഡ് റോഡ് കോറിഡോറും നിർമ്മിക്കും. മെഡിക്കൽ കോളേജിനെ വലയ്ക്കുന്ന പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരമായി രണ്ട് മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനങ്ങളാണ് ഒരുക്കുന്നത്. അത്യാഹിത വിഭാഗത്തിന് മുമ്പിലുള്ള മൾട്ടി ലെവൽ പാർക്കിംഗിൽ 300 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ഒ.പി ബ്ലോക്കിന് മുൻവശത്തായുള്ള സ്ഥലത്ത് 200 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും. ആറു തട്ടുകളാണ് ഓരോ കെട്ടിടത്തിലുമുണ്ടാകുക. തെരുവ് വിളക്കുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ നവീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്. ജനുവരിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.

അടുത്ത ഘട്ടം ഇങ്ങനെ

ആറ് നിലകളുള്ള മോഡുലാർ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സ്, 11 നിലകളുള്ള പീഡിയാട്രിക് കെട്ടിടം, 6 നിലകളുള്ള പുതിയ അക്കാഡമിക് ബ്ലോക്ക്, 6 നിലകളുള്ള എം.എൽ.ടി കെട്ടിടം എന്നിവയ്ക്കാവും തുക അനുവദിക്കുക. ഇൻകെൽ ലിമിറ്റഡിനെയാണ് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയി ചുമതലപ്പെടുത്തിയത്.