തിരുവനന്തപുരം: പ്രഭാഷകനും ആത്മീയാചാര്യനുമായ സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവ് സാലഗ്രാമം ആശ്രമം ഇന്നലെ പുലർച്ചെ രണ്ടരയോടെ അക്രമികൾ അഗ്നിക്കിരയാക്കി. രണ്ട് കാറുകളും ഒരു സ്കൂട്ടറും കത്തി നശിച്ചു. 108 ഭഗവദ്ഗീതാ ശ്ലോകങ്ങൾ ചെമ്പിൽ കൊത്തിയ ഗീതാക്ഷേത്രവും സംഗീതോപകരണങ്ങളും ആശ്രമത്തിന്റെ രണ്ടാംനിലയുടെ മേൽക്കൂരയും കത്തി. ഒരു കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പെട്രോളൊഴിച്ച ശേഷം തീയിട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ പിടികൂടിയിട്ടില്ല. ഡെപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നത്തുകയാണ്.

'പി.കെ. ഷിബുവിന് ആദരാഞ്ജലികൾ' എന്നെഴുതിയ റീത്ത് ആശ്രമത്തിന്റെ പടിവാതിലിൽ പൊലീസ് കണ്ടെത്തി. മുഖ്യമന്ത്റി പിണറായി വിജയനും മന്ത്റിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും സംഭവമറി‍ഞ്ഞ് ആശ്രമത്തിലെത്തി. ബി.ജെ.പിയും സംഘപരിവാറുമാണ് ആക്രമണത്തിന് പിന്നിലെന്നും പന്തളം കൊട്ടാരവും തന്ത്രികുടുംബവും ഇതിന് ഗൂഢാലോചന നടത്തിയെന്നും സന്ദീപാനന്ദ ഗിരി ആരോപിച്ചു.

ആക്രമണം നടക്കുമ്പോൾ സ്വാമിയും അന്തേവാസി ക്ലാരയും (82) മാത്രമാണ് ആശ്രമത്തിലുണ്ടായിരുന്നത്. തീ പടരുന്നതു കണ്ട് അയൽവാസിയായ ശിവകുമാറും ഭാര്യ ബീനയും ആശ്രമത്തിന്റെ ഔട്ട്‌ഹൗസിൽ താമസിക്കുന്ന രാജമ്മയെ വിവരമറിയിച്ചു. ഇവരാണ് ആശ്രമത്തിന്റെ രണ്ടാം നിലയിൽ ഉറക്കത്തിലായിരുന്ന സ്വാമിയെ വിളിച്ചുണർത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും ചെങ്കൽചൂളയിൽ നിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റുമെത്തിയാണ് തീയണച്ചത്. സമീപത്ത് നിറുത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് തീ പടർന്നില്ല. രണ്ടാംനിലയിലെ ഗീതാക്ഷേത്രത്തിലെ മൃദംഗം, വീണ, മദ്ദളം, ഹാർമോണിയം, മൈക്ക് എന്നിവ കത്തിപ്പോയി.

ശബരിമല യുവതീപ്രവേശനത്തിൽ സർക്കാരിന് അനുകൂലമായായിരുന്നു സന്ദീപാനന്ദ ഗിരിയുടെ നിലപാട്. കൈരളി ചാനലിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചാപരിപാടിയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധമുണ്ടായി. ചിത്രീകരണം കഴിഞ്ഞിട്ടും പ്രതിഷേധം തുടർന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഹിന്ദു ഐക്യവേദി പ്രവർത്തകർ ആശ്രമത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. ആശ്രമത്തിലും പരിസരത്തും സ്വാമിക്കെതിരെ പോസ്റ്ററും പതിച്ചു. പൊലീസ് നിർദ്ദേശപ്രകാരം അഞ്ചു ദിവസം ആശ്രമത്തിലെ വാഹനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

ആശ്രമത്തിലെ സി.സി ടിവി ഇടിമിന്നലിൽ കേടായതിനാൽ നന്നാക്കാൻ ഏല്പിച്ചിരിക്കയാണ്. സുരക്ഷാ ജീവനക്കാരൻ പിണങ്ങി വെള്ളിയാഴ്ച വൈകിട്ട് ജോലി മതിയാക്കിപ്പോയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ആശ്രമത്തിന്റെ ഗേ​റ്റ് തകർന്നതിനാൽ പൂട്ടിയിട്ടില്ലായിരുന്നു. ഇന്നലെ മാർ ക്രിസോസ്റ്റം തിരുമേനിക്കൊപ്പം കോട്ടയത്ത് പരിപാടിയിൽ പോകാനിരിക്കുകയായിരുന്നു സ്വാമി.

മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രൻ, എ. സമ്പത്ത് എം.പി, എം.എൽ.എമാരായ സി. ദിവാകരൻ, എം. വിൻസെന്റ്, കെ. മുരളീധരൻ, കെ. ആൻസലൻ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ. ശക്തൻ, വി. സുരേന്ദ്രൻപിള്ള, ടി.എൻ. സീമ, എം.വി. ജയരാജൻ,എം.വി. ഗോവിന്ദൻ എന്നിവരും ആശ്രമത്തിലെത്തി. ഫോറൻസിക് ഓഫീസർ സബീനയുടെ നേതൃത്വത്തിൽ ആശ്രമത്തിൽ പരിശോധന നടത്തി.

ബി.ജെ.പി പ്രാദേശിക നേതാക്കൾ ആശ്രമത്തിലെത്തി സംഭവത്തിൽ പങ്കില്ലെന്ന് സന്ദീപാനന്ദ ഗിരിയെ അറിയിച്ചു. അന്വേഷണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അവർ, തൊട്ടടുത്ത ക്ഷേത്രത്തിലെ സി.സി ടിവി കാമറാ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെന്നും വ്യക്തമാക്കി.

കാമറാ ദൃശ്യത്തിൽ അക്രമികളില്ല
ആശ്രമത്തിനു സമീപമുള്ള കുണ്ടമൺഭാഗം ദേവീക്ഷേത്രത്തിലെ സി.സി ടിവി ദൃശ്യത്തിൽ പുലർച്ചെ 2.45ന് ഒരാൾ ഓടിപ്പോകുന്നതുണ്ട്. സമീപവാസിയായ 18കാരനാണ് ഇയാൾ. തീ കണ്ട് ഓടിപ്പോവുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. തീപിടിത്തമറിഞ്ഞെത്തിയ ഫയർഫോഴ്‌സിനു വഴികാട്ടാൻ ഇയാൾ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.