തിരുവനന്തപുരം: റെക്കാഡിന്റെ തിളക്കത്തിലാണ് സാന്ദ്ര ബാബു സംസ്ഥാന സ്കൂൾ കായികമേളയോട് വിട പറയുന്നത്. സീനിയർ വിഭാഗം പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ 12.81 മീറ്റർ ദൂരം ചാടിയാണ് സാന്ദ്രയുടെ നേട്ടം. ജെനിമോൾ ജോയിയുടെ 2012 ലെ 12.78 മീറ്റർ എന്ന റെക്കോഡാണ് താരം മറികടന്നത്. ലോംഗ് ജംപിൽ രണ്ടാം സ്ഥാനവും നേടി. എറണാകുളം ജി.വി.എച്ച്.എസ്.എസ് മതിരപ്പള്ളിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സാന്ദ്ര ബാബു.

2017 ലെ സകൂൾ കായികമേളയിൽ ലോംഗ് ജംപിലും താരം റെക്കോഡ് നേടിയിട്ടുണ്ട്. നയന ജെയിംസിന്റെ 5.88 മീറ്റർ ദൂരമായിരുന്നു അന്ന് മറികടന്നത്. കഴിഞ്ഞ ദേശീയ സ്കൂൾ കായികമേളയിലെ ജൂനിയർ വിഭാഗത്തിലും സ്വർണം സാന്ദ്രക്കായിരുന്നു.

എട്ടാം ക്ളാസുമുതലാണ് സാന്ദ്ര കായികരംഗത്തേക്ക് ഇറങ്ങുന്നത്. ചാട്ടത്തിൽ മികവ് തെളിയിക്കാൻ തുടങ്ങിയതോടെയാണ് മതിരപ്പള്ളി എം.എ.കോളേജ് സ്പോ‌ർട്സ് ഹോസ്റ്റലിലെത്തുന്നത്. മികച്ച പ്രകടനം കാഴ്ചവച്ച് സംസ്ഥാന തലത്തിൽ മെഡൽ നേടിത്തുടങ്ങിയത് പത്താം ക്ളാസിൽ പഠിക്കുമ്പോഴായിരുന്നു. കഠിനാധ്വാനവും ചിട്ടയായ പരിശീലനവുമാണ് സാന്ദ്രയുടെ നേട്ടത്തിനു മാറ്റു കൂട്ടുന്നത്. ജംപിംഗ് പിറ്റിൽ മത്സരിക്കുമ്പോൾ ട്രിപ്പിൾ ജംപിനോടാണ് സാന്ദ്രയ്ക്ക് കൂടുതൽ ഇഷ്ടം. മുൻ ദേശീയ ജംപിംഗ് പരിശീലകനായ ടി.പി.ഔസേപ്പിന്റെ കീഴിൽ എം.എ.കോളേജ് സ്പോ‌ർട്സ് ഹോസ്റ്റലിലാണ് താരത്തിന്റെ പരിശീലനം. കഴിഞ്ഞ മേളയിലും, ഇപ്രാവശ്യവും റെക്കോഡ് നേടാനായതിന്റെ സന്തോഷത്തോടെയാണ് സ്കൂൾ മീറ്റിനോട് വിട പറയുന്നതെന്ന് സാന്ദ്ര പറയുന്നു. കണ്ണൂർ കേളകം തെെയ്യുള്ളതിൽ വീട്ടിൽ ബാബു, മിശ്ര ദമ്പതികളുടെ മകളാണ്. സഹോദരി ശ്രുതി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.