vellappally-nadeshan

ശിവഗിരി: സാമൂഹ്യനീതിക്കും സമുദായനീതിക്കും വേണ്ടിയുള്ള പോരാട്ടം ഇനിയും ബഹുദൂരം മുന്നോട്ട് നയിക്കേണ്ടതുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും ഒരേ പാതയിൽ ഒന്നായി നിന്ന് നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകണം. ശ്രീനാരായണ ഗുരുദേവ നവതി ആചരണത്തോടനുബന്ധിച്ചുള്ള മഹാമണ്ഡല പൂജാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗുരുദേവ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത മറ്റെന്നത്തേക്കാളും ഇന്ന് അനിവാര്യമാണ്. അതിന് എസ്.എൻ.ഡി.പി യോഗവും ധർമ്മസംഘം ട്രസ്റ്റും മാത്രം ഒന്നിച്ചു നിന്നാൽ പോരാ. എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളും നിയതിയുടെ നിയോഗമെന്നോണം കർമ്മം കൊണ്ടും ധർമ്മം കൊണ്ടും ചേർന്നു നിൽക്കണം. അതിനുള്ള തുടക്കമാണ് മഹായതിപൂജയും നവതി ആചരണവും.

നൂറ് കൊല്ലം കഴിഞ്ഞാൽ നമ്മളൊന്നാകുമെന്ന് ഗുരുദേവൻ പറഞ്ഞു. അതിന്റെ സൂചനയാണിപ്പോൾ കാണുന്നത്. കഴിഞ്ഞ 36 ദിവസമായി ലക്ഷക്കണക്കിന് പേർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഈ പുണ്യസങ്കേതത്തിലെത്തി ഗുരുദേവന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായി. വിശ്വമാനവികതയുടെ മഹാസന്ദേശം ലോകത്തിന് സമർപ്പിച്ച തൃപ്പാദങ്ങളുടെ മഹാസമാധിയിൽ നവതി ആഘോഷത്തിന്റെ ഭാഗമാണ് ഈ വിശ്വദർശന യജ്ഞം.

എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും ഗുരുദേവൻ ജന്മം നൽകിയ രണ്ട് മക്കളാണ്. ഗുരു ആഗ്രഹിച്ചതും നമ്മൾ ആഗ്രഹിച്ചതും ഒന്നായി നിന്ന് നന്നാകണമെന്നാണ്. ഒന്നായാലേ നന്നാവൂ. നന്നായാലേ അടിച്ചമർത്തപ്പെട്ട അവകാശങ്ങൾക്കായി പോരാട്ടം ശക്തിപ്പെടുത്താനാവൂ. കഷ്ടപ്പാടുകളുടെയും ഇല്ലായ്മകളുടെയും ആൾരൂപങ്ങൾ ഈഴവനും മറ്റ് പിന്നാക്കക്കാരനുമാണെന്നറിയാൻ ഒരുപാട് ചരിത്രം ചികയേണ്ടതില്ല. വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരെ പരിശോധിച്ചാലറിയാം,​ മഹാഭൂരിപക്ഷവും പട്ടികജാതിക്കാരും പിന്നാക്കക്കാരുമാണെന്ന്. പണമുണ്ടായിരുന്ന മുന്നാക്കക്കാർ ബന്ധുവീടുകളിലോ പണം മുടക്കി ഹോട്ടലുകളിലോ താമസിച്ചു.

രാജ്യം പുരോഗതിയിലേക്കെന്ന് പറയുമ്പോഴും അടിസ്ഥാനപരമായ പുരോഗതി ഉണ്ടായിട്ടില്ല. സാമ്പത്തിക പുരോഗതി വേണ്ടത്രയില്ല. ജനിച്ച മണ്ണിൽ മറ്റുള്ളവരെ പോലെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശ സംരക്ഷണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം. ഒരു തുണ്ട് ഭൂമിക്കും തല ചായ്ക്കാനൊരു ഇടത്തിനും ജീവൻ നിലനിറുത്താൻ ഭക്ഷണത്തിനുമായി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന ജനതയുടെ നാടാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.