തിരുവനന്തപുരം : സംസ്ഥാന സ്കൂൾ അത്ലറ്റിക് കിരീടം ഇക്കുറിയും തങ്ങൾക്കുതന്നെയെന്ന് ഉറപ്പിച്ച് തിരുവനന്തപുരത്ത് എറണാകുളം ജില്ലയുടെ പടയോട്ടം കോതമംഗലത്തെ സെന്റ് ജോർജ്സ്, മാർ ബേസിൽ സ്കൂളുകളുടെ കരുത്തിൽ 69 ഇനങ്ങൾ പൂർത്തിയായപ്പോൾ എറണാകുളം രണ്ടാംസ്ഥാനത്തുള്ള പാലക്കാട് ജില്ലയെക്കാൾ 62 പോയിന്റ് മുന്നിലെത്തി. എറണാകുളത്തിന് 22 സ്വർണവും 21 വെള്ളിയും 14 വെങ്കലവുമടക്കം 192 പോയിന്റായപ്പോൾ പാലക്കാടിന് 15 സ്വർണമടക്കം 130 പോയിന്റേയുള്ളൂ. 77 പോയിന്റുമായി കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്.
ബെസ്റ്റ് സ്കൂൾ പട്ടത്തിനായുള്ള പോരാട്ടത്തിൽ രണ്ടാംദിനവും സെന്റ് ജോർജ്സിന്റെ മുന്നേറ്റമാണ്. ഏഴ് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമടക്കം 55 പോയിന്റാണ് രാജുപോൾ പരിശീലിപ്പിക്കുന്ന സെന്റ് ജോർജ്സ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. അവസാനദിവസമായ ഇന്ന് മികവ് നിലനിറുത്തി കഴിഞ്ഞവർഷം ആറാംസ്ഥാനത്തായതിന് പ്രായശ്ചിത്തം ചെയ്ത രാജുപോളിന് അഭിമാനത്തോടെ വിരമിക്കാൻ അവസരമൊരുക്കാമെന്നാണ് സെന്റ് ജോർജ്സിലെ ചുണക്കുട്ടികളുടെ പ്രതീക്ഷ. രണ്ടാംസ്ഥാനത്തുള്ള മാർ ബേസിലിന് നാല് സ്വർണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 44 പോയിന്റാണുള്ളത്. ആറ് സ്വർണമടക്കം 39 പോയിന്റുമായി
....... കുമരം പുത്തൂർ സ്കൂളാണ് മൂന്നാംസ്ഥാനത്ത്.
മീറ്റിന്റെ രണ്ടാം ദിനത്തിലും രണ്ട് റെക്കാഡുകൾ മാത്രമാണ് പിറന്നത്. സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ മാതിരപ്പള്ളി സ്പോർട്സ് ഹോസ്റ്റലിലെ സാന്ദ്രാബാബുവും ജൂനിയർ ആൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിൽ അർജുൻ കെ. മുഹമ്മദ് നിഹാൽ, ആദിത്യ സിംഗ്, അഭിജിത് എന്നിവരടങ്ങിയ തിരുവനന്തപുരം ജില്ലാടീമുമാണ് ഇന്നലെ റെക്കാഡുകൾ നേടിയത്. ഇതോടെ മീറ്റിൽ ആകെ പിറന്ന റെക്കാഡുകളുടെ എണ്ണം നാലായി. അവസാന ദിനമായ ഇന്ന് 38 ഇനങ്ങളിൽ ഫൈനലുകൾ നടക്കും
ഒവറാൾ പോയിന്റ് നില
(ജില്ല, സ്വർണം, വെള്ളി, വെങ്കലം, പോയിന്റ് ക്രമത്തിൽ)
എറണാകുളം 22-21-14-192
പാലക്കാട് 15-11-12-130
കോഴിക്കോട് 6-10-8-77
തിരുവനന്തപുരം 8-4-10-67
തൃശൂർ 5-8-4-54
കോട്ടയം 3-3-2-36
ആലപ്പുഴ 4-0-6-26
കൊല്ലം 3-0-3-24
മലപ്പുറം 1-3-2-19
കണ്ണൂർ 1-3-5-17
ഇടുക്കി 1-2-3-17
കാസർകോട് 1-1-0-8
പത്തനംതിട്ട 0-2-0-6
ബെസ്റ്റ് സ്കൂൾ പോയിന്റ് നില
സെന്റ് ജോർജ്സ് 7-6-4-55
മാർബേസിൽ 4-7-3-44
കല്ലടി എച്ച്.എസ് 6-2-3-29
നാട്ടിക ഫിഷറീസ് 4-3-2-31
പുല്ലൂരാംപാറ 2-3-4-23