തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിൽ ഇലക്ട്രിക് വാഹന വിപ്ളവത്തിന് തുടക്കം കുറിച്ച് കെ.എസ്.ആർ.ടി.സി പത്ത് ഇലക്ട്രിക് ബസുകൾ റഗുലർ സർവീസിനായിനിരത്തിലിറക്കും. നിലയ്ക്കൽ - ശബരിമല റൂട്ടിലാണ് ആദ്യം സർവീസ് നടത്തുക. ശബരിമല സീസൺ കഴിയുമ്പോൾ ദീർഘദൂര സർവീസിന് ഉപയോഗിക്കും.
നേരത്തെ സ്‌കാനിയ ബസുകൾ വാടയ്ക്ക് നൽകിയ മഹാവോയേജ് എന്ന കമ്പനിയിൽ നിന്നുമാണ് ഇലക്ട്രിക് ബസുകൾ വാടകയ്‌ക്കെടുക്കുന്നത്. കിലോമീറ്ററിന് 43.20 രൂപ നിരക്കിലാണ് വാടക. ഇ- ടെൻഡർ വഴിയാണ് മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജുമായി കരാറിൽ ഏർപ്പെട്ടത്. ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു.
ഒരു എൻ.സി.പിനേതാവിന്റെ ബിനാമി കമ്പനിയാണ് മഹാവോയേജ് എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പത്ത് സ്‌കാനിയ ബസുകളാണ് ഇവരിൽ നിന്നും വാടകയ്ക്കെടുത്തത്. ഇത് നഷ്ടമാണെന്ന് തൊഴിലാളി നേതാക്കൾ ആരോപിച്ചിരുന്നു. പക്ഷേ ലാഭകരമാണെന്നുള്ള കണക്കുകൾ മാനേജ്‌മെന്റ് പുറത്തുവിട്ടു.
നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ ഗോൾഡ് സ്‌റ്റോൺ കമ്പനി നിർമ്മിച്ച ഇലക്ട്രിക് ബസുകളാണ് മഹാവോയേജ് വഴി ഇപ്പോൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ബി.വൈ.ഡി എന്ന ചൈനീസ് കമ്പനിയുടെ സാങ്കേതിക വിദ്യയിലാണ് ബസുകൾ നിർമിച്ചിട്ടുള്ളത്. 15 ന് ബസുകൾ കെ.എസ്.ആർ.ടി.സി ക്ക് ലഭിക്കും.