പ്രവേശനം നൽകാതെ അധികാരികളോടുള്ള മറുപടി സ്വർണം നേടികൊണ്ട്
തിരുവനന്തപുരം : സംസ്ഥാന സ്ക്കൂൾ മീറ്റിന് ഒരാഴ്ച മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴും പ്ലസ്‌വണ്ണിന് പ്രവേശം ലഭിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ജൂനിയർവിഭാഗം ആൺകുട്ടികളടെ 400മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ എ.രോഹിത്. മറ്റുള്ളവർ തീവ്രപരിശീലനത്തിൽ മുഴുകിയപ്പോഴും അഡ്മിഷനു വേണ്ടി ഓഫീസുകൾ കയറി ഇറങ്ങിയ കണ്ണൂർ അഴീക്കോട്ക്കാരൻ പക്ഷേ മെഡൽ നേടാൻ ഒട്ടും അമാന്തിച്ചില്ല.
കഴിഞ്ഞ ജൂണിൽ തന്നെ പാലക്കാട് ബിഗ് ബസാർ സ്‌കൂളിൽ കമ്പ്യൂട്ടർ സയൻസിൽ പ്രവേശനം രോഹിത്തിന് ലഭിച്ചിരുന്നു പക്ഷേ, യൂത്ത് സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കാൻ പോയതിനാൽ പ്രവേശനം നേടാൻ സാധിച്ചില്ല. മടങ്ങി എത്തിയ ശേഷം പ്രവേശനം ആവശ്യപ്പെട്ട് സ്പോർട്സ് കൗൺസിലിന്റെ ഉൾപ്പെടെ വാതിലിൽ പലപ്രാവശ്യം മുട്ടിയെങ്കിലും ഫലം നിരാശ. പിന്നെ അഞ്ചുമാസം കണ്ണൂരിലും തിരുവനന്തപുരത്തുമായി ഓഫീസുകൾ കയറി ഇറങ്ങി. ജില്ലാ കായിക മേളയുടെ ആദ്യ ദിനം അവസാനിച്ചതിനു ശേഷമായിരുന്നു പാലക്കാട് സി.എ.എച്ച്.എസ് ആയക്കാടിൽ പ്രവേശനം ലഭിക്കുന്നത്. രണ്ടാം ദിനം സ്‌കൂളിനെ പ്രതിനിധീകരിച്ച് മീറ്റിനെത്തിയപ്പോഴേക്കും മത്സരം നടത്തി വിജയികളെ നിർണയിച്ചിരുന്നു. സ്‌കൂളിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരം അവസാന ദിവസം നടത്തിയ ടൈം ടയൽ 57 സെക്കൻഡിൽ മിന്നും പ്രകടത്തോടെയാണ് രോഹിത്ത് സംസ്ഥാന കായിക മേളയിലേക്ക് യോഗ്യത നേടിയത്. സംസ്ഥാന മേളയിൽ 54.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ലക്ഷ്യത്തിലെത്തി. ഇനിവേണം സ്വന്തം സ്‌കൂളിൽ പോകാൻ. പാലക്കാട് ഒളിമ്പിക് അക്കാഡമിയിലെ കോച്ച് സി.ഹരിദാസനും അഡ്മിഷൻ നൽകിയ സ്‌കൂൾ അധികൃതരുമാണ് തന്റെ വിജയത്തിന് അവകാശികളെന്ന് രോഹിത്ത് പറഞ്ഞു. രാജ്യാന്തര തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമായി രോഹിത്ത് മാറുമെന്ന് പരിശീലകൻ ഹരിദാസും പ്രത്യാശപ്രകടിപ്പിച്ചു.കഴിഞ്ഞ രണ്ട് വർഷം ജി.വി.രാജ സ്കൂളിനെ പ്രതിനിധീകരിച്ച് കായികമേളയിലെത്തിയെങ്കിലും മെഡൽ സ്വപ്നം പൂവണിഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരനായ ധനേശൻ - സ്വപ്ന ദമ്പതികളുടെ മകനാണ്.