തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരേ ഇനി കേസ് വേണ്ടെന്നും കൂടുതൽ സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹറ നിർദ്ദേശിച്ചു.
അറസ്റ്റിലായ സ്ത്രീകളുടെ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കില്ല. കടുത്ത അക്രമം നടത്തിയ സ്ത്രീകളെ മാത്രമേ റിമാൻഡ് ചെയ്യാവൂ എന്നാണ് നിർദ്ദേശം. പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ നാമജപഘോഷയാത്രയ്ക്കെതിരേ കേസെടുക്കേണ്ടെന്നും ഡി.ജി.പി നിർദ്ദേശിച്ചു. ആറ്റിങ്ങലിലും കരുനാഗപ്പള്ളിയിലും നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തതിന് സ്‌ത്രീകളടക്കം ആയിരത്തോളം പേർക്കെതിരെ വീതം കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിലാണ് നിർദ്ദേശം. സ്ത്രീകൾക്കെതിരേ കേസെടുത്തതിനെ എൻ.എസ്.എസും ബി.ജെ.പിയും ശക്തമായ എതിർത്ത സാഹചര്യത്തിലാണ് പൊലീസ് നിലപാട് മയപ്പെടുത്തിയത്.
അതേസമയം, ശബരിമല പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ അറസ്റ്റ് ഇന്നലെയും തുടർന്നു. ഇന്നലെ വരെ മൂവായിരത്തോളം പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.മാദ്ധ്യമപ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ചവരുൾപ്പെടെ കടുത്ത അക്രമം കാട്ടിയ ഏതാനും പേരെ പിടികിട്ടാനുണ്ട്. . ദൃശ്യങ്ങൾ പരിശോധിച്ച് 458 കേസുകളിലായി 4000പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. നൂറോളം പേരെ റിമാൻഡ് ചെയ്തു. പൊലീസിന്റെ ജോലി തടസപ്പെടുത്തിയവരും സ്‌ത്രീകളെ അസഭ്യം പറഞ്ഞവരുമായ 50 പേരും റിമാൻഡിലുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് 14 കേസുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം, കെ.എസ്.ആർ.ടി.സി ബസുകൾ, മാദ്ധ്യമങ്ങളുടെ വാഹനങ്ങൾ എന്നിവ തകർത്തതിനു 3മുതൽ 13 ലക്ഷം വരെ നഷ്ടമുണ്ടായി. ഇത്രയും തുക കോടതിയിൽ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.
''അക്രമികളെ പിടികൂടാനുള്ളതിനാൽ അറസ്റ്റും നടപടികളും തുടരും. നാമജപയാത്രയുടെ പേരിൽ കേസെടുക്കില്ല''
ലോക്നാഥ് ബെഹറ
പൊലീസ് മേധാവി