tugg

വിഴിഞ്ഞം: മൂന്നു വർഷമായി പുതിയ വാർഫ് മേഖലയിൽ കിടക്കുന്ന 'ബ്രഹ്മേക്ഷര' എന്ന ടഗ്ഗ് രണ്ടു മാസത്തിനകം ലേലം ചെയ്യുമെന്ന് തുറമുഖ വകുപ്പ് അധികൃതർ. ഇന്ധനവും വെള്ളവും തീർന്നു എന്ന കാരണത്താൽ 2015 നവംബറിൽ വിഴിഞ്ഞത്ത് അടുപ്പിച്ച ടഗ്ഗാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. മുംബയിൽ നിന്നു എത്തിയ ടഗ്ഗാണ് ഇത്. ലേല നടപടികളുമായി മുംബയ് ബാങ്ക് അധികൃതർ ട്രൈബ്യൂണൽ നിയോഗിച്ച റിസീവർ ഉൾപ്പെടെയുള്ള സംഘം ഇന്നലെ ടഗ്ഗ് പരിശോധനയ്ക്ക് എത്തി. എസ്.ബി.ഐ ചീഫ് മാനേജർ വിനോദ് സവാദ്ക്കർ, ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ കോർട്ട് റിസീവർ നൈഷാദ് വി.തക്കർ, എസ്.ബി.ഐ മാനേജർ മെൽവിൻ ഡി.കോസ്റ്റ എന്നിവർ ഉൾപ്പെട്ട സംഘമാണ് എത്തിയത്. റിപ്പോർട്ട് കോടതിയിൽ നൽകിയ ശേഷം ലേല നടപടികൾ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു. സംഘം വിഴിഞ്ഞത്ത് എത്തും മുൻപേ തുറമുഖ വകുപ്പ് ഡയറക്ടർ എസ്.വെങ്കിടേസപതിയുമായി ഇവർ ചർച്ച നടത്തിയിരുന്നു. തുറമുഖ വകുപ്പ് പർസർ സുരേന്ദ്രനാഥ്, കൺസർവേറ്റർ അനിത എ.നായർ, വാർഫ് സൂപ്പർവൈസർ എം.എസ്.അജീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. നേരത്തെ കടൽക്ഷോഭത്തിൽ വടം പൊട്ടി ടഗ്ഗ് വാർഫിൽ ഇടിച്ചു നഷ്ടം സംഭവിച്ചിരുന്നു. ഇതിന്റെ ഉടമയുമായി ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാത്തതിനാലാണ് ലേല നടപടികൾ ആരംഭിച്ചത്. ബാർജ് വലിച്ചുകൊണ്ടുപോകാൻ ഉപയോഗിക്കുന്നതാണ് ടഗ്ഗുകൾ.