കഴക്കൂട്ടം: കല്പന കോളനിയിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. മേനംകുളം ചി​റ്റാ​റ്റുമുക്ക് കനാൽ പുറമ്പോക്ക് സ്വദേശികളായ സജു എന്ന കൂമ്പൻ സജു (29)​, അൻഷാദ് എന്ന മൂക്കു വെട്ടി അൻഷാദ് (28), രാജേഷ് എന്ന കാള രാജേഷ് (29),​ മേനംകുളം ചി​റ്റാ​റ്റുമുക്ക് മണൽക്കാട്ട് വിളാകം സുനിൽ ഭവനിൽ സച്ചുവെന്ന അപ്പുക്കുട്ടൻ (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കളും നാടൻ ബോംബുകളും പിടിച്ചെടുത്തു. സെന്റ് ആൻഡ്രൂസിൽ ഒളിവിലായിരുന്ന ഇവരെ ഷാഡോ പൊലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കവേ പൊലീസിന് നേർക്ക് പടക്കമെറിയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി. എന്നാൽ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. സംഘത്തിലെ പ്രധാനികൾ ഒളിവിലാണിപ്പോഴും .

കൂമ്പൻ സജുവിന്റെ എതിർടീമിലെ കൊറിയ കൊച്ചുമോൻ എവിടെയുണ്ടെന്ന് പറഞ്ഞു കൊടുക്കാത്തതിന്റെ വിരോധത്താൽ കല്പനയിലെ സനൽ കുമാറിനെ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയി അടിച്ചും വെട്ടിയും പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതികളാണിവർ. മറ്റ് നിരവധി കേസുകളും ഇവരുടെ പേരിലുണ്ട്. പല പ്രാവശ്യം ജയിലിലായ ഇവർ പുറത്തിറങ്ങിയ ശേഷമാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സി​റ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ്, ഡെപ്യൂട്ടി കമ്മിഷണർ ആദിത്യ, കൺട്രോൾ റൂം എ.സി.പി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ഷാഡോ ടീം രൂപികരിച്ചാണ് കഴക്കൂട്ടം സി.ഐ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്.