തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ മണിപ്പൂരുകാരൻ മുഹമ്മദ് സാഹിദുർ റഹ്മാൻ മൂന്ന് സ്വർണവും ഒരുവെള്ളിയും നേടി കോതമംഗലം സെന്റ് ജോർജ് സ്കൂളിനന ബെസ്റ്റ് സ്കൂളാക്കാനുള്ള പോരാട്ടത്തിലാണ്.

80 മീറ്റർ ഹർഡിൽസിലായിരുന്നു സാഹിദുർ ഈ മേളയിലെ തന്റെ ആദ്യ നേട്ടം സ്വന്തമാക്കിയത്. 11.38 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാമതെത്തിയ സാഹിദുർ വരാൻ പോകുന്ന തന്റെ മിന്നും പ്രകടനങ്ങളുടെ തുടക്കം കുറിച്ചു. പിന്നീട് ലോംഗ് ജംപിൽ 5.86 മീറ്റർ ദൂരം ചാടി ഈ സബ് ജൂനിയർ താരം തന്റെ സ്വർണ നേട്ടം രണ്ടാക്കി ഉയർത്തി. 100 മീറ്റർ ഓട്ടത്തിൽ മാത്രമാണ് സാഹിദുറിന് അൽപമൊന്നു ഇടറിയത്. 12.27 സെക്കൻഡിൽ രണ്ടാമതായാണ് 100 മീറ്ററിൽ താരം ഫിനിഷ് ചെയ്തത്. കോതമംഗലം സെന്റ് ജോർജ് സ്കൂളിന്റെ തന്നെ മണിപ്പൂർ താരം മുഖ്താർ ഹസനായിരുന്നു (12.18) ഈയിനത്തിൽ ഒന്നാമതെത്തിയിരുന്നത്. 4*100 റിലേ മത്സരത്തിലായിരുന്നു സാഹിദുർ തന്റെ അടുത്ത നേട്ടം ആവർത്തിച്ചത്. സാഹിദുർ ഉൾപ്പെട്ട റിലേ ടീം 48.98 സെക്കൻഡിൽആങ്കർ റോളിൽ ഫിനിഷ് ചെയ്തു.