തിരുവനന്തപുരം:വയലാർ രാമവർമ്മയുടെ ഓർമ്മദിനം. പുന്നപ്ര - വയലാർ വിപ്ളവത്തിന്റെ ചോരയൊഴുകിയ സമരദിനം. രണ്ട് ഓർമ്മകളോട് ചേർന്ന് നിന്ന്, പുന്നപ്രയുടേയും വയലാറിന്റേയും വിപ്ളവ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന 'ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിന് വയലാർ പുരസ്‌കാര സമർപ്പണം. നിശാഗന്ധിയിലെ പ്രൗഡസദസിൽ പ്രൊഫ. എം.കെ.സാനുവിൽ നിന്ന് ഗ്രന്ഥകർത്താവായ കെ.വി.മോഹൻകുമാർ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ കവിതയുടെയും വിപ്ലവത്തിന്റെയും സ്‌മരണകൾ ഇരമ്പി.
എനിക്കു വേണ്ടി ഒരുങ്ങിയ ആകസ്‌മികതയാണിതെന്ന് കെ.വി.മോഹൻകുമാർ മറുപടിയിൽ പറഞ്ഞു. നവതി പ്രഭയിൽ തിളങ്ങുന്ന എം.കെ.സാനുവിൽ പുരസ്കാരം സ്വീകരിച്ച നേട്ടം.'വയലാർ സാഹിത്യ പുരസ്കാരം സാനു മാഷിൽ നിന്ന് സ്വീകരിക്കുമ്പോൾ അത് പുരസ്‌കാരമല്ല അനുഗ്രഹമാണ്. സാനു മാഷ് ഉൾപ്പെടെയുള്ള അദ്ധ്യാപകർ എറണാകുളം മഹാരാജാസിൽ ഉണ്ടെന്നറിഞ്ഞാണ് ബി.എ ഇക്കണോമിക്‌സ്‌കാരനായ ഞാൻ എം.എ മലയാളത്തിന് അവിടെ അപേക്ഷിച്ചത്. ഇന്റർവ്യൂവിന് കാർഡ് വന്നു. അന്ന് എറണാകുളത്ത് നിന്ന് പഠിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ അത് സാധിച്ചില്ല.ആ സങ്കടം ഇന്ന് തീർന്നു. എന്റെ എഴുത്ത് ജീവിതം ധന്യമായ മുഹൂർത്തമാണിത്. സ്വന്തം നാട്ടുകാരനായ കവിയുടെ പേരിലുള്ള പുരസ്‌കാരമായത് അതിലേറെ സന്തോഷം പകരുന്നു - മോഹൻകുമാർ പറഞ്ഞു.
നോവലിനെ കുറിച്ചുള്ള പരമ്പരാഗത സങ്കൽപങ്ങൾ തിരുത്തുന്ന കൃതിയാണ് ഉഷ്ണരാശിയെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ വയലാർ രാമവർമ്മ ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ പ്രാെഫ. എം.കെ സാനു പറഞ്ഞു. ഉഷ്ണരാശി ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. പുന്നപ്ര വയലാർ സമരത്തിന്റെ പശ്ചാത്തലത്തിലുള്ള നോവൽ വിപ്ലവ സങ്കൽപത്തെ ഹൃദയാവർജകമായി വിവരിക്കുന്നു. വിപ്ലവം വിദ്വേഷത്തിലധിഷ്ഠിതമല്ല. അതിലും സ്‌നേഹം തന്നെയാണ്. പതിതരോടുള്ള സ്‌നേഹത്തിൽ നിന്നാണ് വിപ്ലവമുണ്ടാകുന്നത്. ആ സ്‌നേഹത്തിന്റെ നിലാവു പോലെ മൃദുലമായ ഒരംശം നോവലിൽ കലർന്നിരിക്കുന്നെന്നും എം.കെ സാനു പറഞ്ഞു.
പെരുമ്പടവം ശ്രീധരൻ പ്രശസ്തി പത്രം മോഹൻകുമാറിന് സമ്മാനിച്ചു.ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമൻ, മറ്റ് ഭാരവാഹികളായ പ്രഭാവർമ്മ, കെ. ജയകുമാർ, പ്രൊഫ. ജി. ബാലചന്ദ്രൻ, സതീശൻ തുടങ്ങിയവർ പങ്കെടുത്തു.