നെയ്യാറ്റിൻകര: കാർഷികവിളകൾക്ക് ജോലിക്കൂലിപോലും കിട്ടാതെ ഭാരിച്ച കെണിയിലേക്ക് വീണ് നരകിക്കുകയാണ് കർഷകർ. പാടത്ത് കൃഷിയിറക്കുന്നതിന്റെ മുതൽ മുടക്കുപോലും പല കർഷകർക്കും ലഭിക്കാറില്ല. വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി സംരക്ഷിക്കുവാനും കാർഷിക വിലകൾ പൊതുമേഖലാടിസ്ഥാനത്തിൽ സംഭരിക്കുവാനോ ഗ്രാമീണതലത്തിൽ സംവിധാനം ഇല്ലാത്തത് കാരണം നൂറുകണക്കിന് കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റ് നിർമ്മാണ മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ക്ഷീര കർഷകരുടെ ഉത്പന്നങ്ങൾ ശേഖരിക്കുന്നതുപോലെ കാർഷിക വിളകൾ സംഭരിക്കുവാനും ലാഭകരമായി രീതിയിൽ വിൽകുവാനും പൊതുമേഖലാടിസ്ഥാനത്തിൽ കാര്യക്ഷമമായ സ്ഥാപനങ്ങൾ ഇല്ലാത്തതാണ് കാർഷിക വിപണി ഇല്ലാതാകാൻ കാരണമെന്നാണ് കർഷകരുടെ പക്ഷം. കാർഷിക സഹകരണ സംഘങ്ങൾ നെയ്യാറ്റൻകര താലൂക്കിൽ പലയിടത്തും ഉണ്ടെങ്കിലും കൃഷി സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സംയോജിത ശ്രമങ്ങളില്ല. കയറ്റുമതി പ്രാധാന്യം ഉള്ളതിനാൽ ഏത്തവാഴക്കായ സംഭരിക്കുന്ന പൊതുമേഖലാ സമ്പ്രദായം ഉണ്ടെങ്കിലും താലൂക്കിലെ മുഴുവൻ കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കാർഷിക വിളകൾക്ക് കർഷകർക്ക് ലഭിക്കുന്നതിന്റെ ഇരട്ടിയാണ് ചില്ലറ വ്യാപര കേന്ദ്രങ്ങൾക്ക് ലഭിക്കുന്നത്. കൃഷിക്കാർക്ക് ലാഭം ലഭിക്കാറില്ല. ഇടനിലക്കാരാണ് ഓരോ കാർഷിക വിളകളുടെയും ലാഭം കൊയ്യുന്നത്. ഇതേ അടിസ്ഥാനത്തിലാണ് മറ്റ് കാർഷിക വിളകളുടെയും സ്ഥിതി.
പദ്ധതികളെല്ലാം പരാജയത്തിൽ
വ്യാവസായികാടിസ്ഥാനത്തിൽ കൃഷിരീതി വളർത്തിയെടുക്കാത്തതാണ് കൃഷി നഷ്ടത്തിലാകാൻ കാരമമെന്നാണ് കർഷകർ പറയുന്നത്. തൊഴിലാളികളുടെ കൂലി വർദ്ധനവും ചെറുകിട കൃഷി സംരംഭകരെ പ്രതികൂലമായി ബാധിച്ചു. നശോന്മുഖമായ നെൽകൃഷി പരിപോഷിപ്പിക്കുവാൻ ചെറുകിട കർഷകർക്ക് കുറഞ്ഞ വേതനാടിസ്ഥാനത്തിൽ കർഷക തൊഴിലാളികളെ എത്തിക്കുന്ന കുന്നത്തുകാൽ കേന്ദ്രീകരിച്ച് ആവിഷ്കരിച്ച ലേബർബാങ്ക് വിജയകരമായിരുന്നുവെങ്കിലും മിസ് മാനേജ്മെന്റ് കാരണം കാർഷിക മേഖലയിലെ ആ പദ്ധതിയും പരാജയപ്പെട്ടു.
ദുരിതം പേറി കർഷകർ
പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ ഉണ്ടാകുന്ന കാർഷികവിള നാശത്തിന് അധികൃതർ നഷ്ടപരിഹാരം പ്രഖ്യാപിക്കാറുണ്ടെങ്കിലും അത് കർഷകർക്ക് ലഭിക്കുന്നില്ല. കൃഷി നശിച്ചാൽ പോക്കറ്റ് കാലിയായതു തന്നെ. പലിശപ്പണത്തിനാണ് കൃഷിയെങ്കിൽ സഹിച്ചേ പറ്റൂ. ഇൻഷ്വറൻസ് പരിരക്ഷയുണ്ടെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും സാധാരണ ദരിദ്രകർഷകന് ഇത് അപ്രാപ്യം.
രോഗബാധയും കൃഷി അന്യമാക്കുന്നു.
അടുത്തിടെ ഏത്തവാഴക്ക് ബാധിച്ച കരിയൽ രോഗം കാരണം നെയ്യാറ്റിൻകര താലൂക്കിൽ ഹെക്ടർ കണക്കിന് വാഴകളാണ് കരിഞ്ഞുണങ്ങി നശിച്ചത്. ഇതിന് പരിഹാരമെന്തെന്നോ ഇത് എങ്ങനെ സംഭവിച്ചുവെന്നോ കൃഷിശാസ്ത്രഞ്ജർക്ക് ഇതേ വരെ കണ്ടെത്താനായിട്ടില്ല. .