തിരുവനന്തപുരം: വർഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടിവന്നാലും ശബരിമലയിൽ സുപ്രീംകോടതി വിധിനടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന്റെ യൂടൂബ് ചാനലും അത്മോപദേശ ശതക പഠനക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം നടപ്പാക്കുന്നവരെ അധിക്ഷേപിക്കാനും വാസ്തവം പറയുന്നവരെ ചുട്ടെരിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. യാഥാർത്ഥ്യം പറഞ്ഞതിനാണ് സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് നേരെ കൊലപാതക ശ്രമമുണ്ടായത്. കരിങ്കൊടിയും പ്രതിഷേധവുമായി ചിലർ എന്റെ പിന്നാലെയും ഉണ്ട്. അതു കണ്ട് ഭയപ്പെട്ട് പിന്തിരിയില്ല. ശബരിമലയിൽ യുവതികൾ കയറണമെന്ന നിർബന്ധം സർക്കാരിനില്ല, കയറുന്നതിൽ എതിർപ്പുമില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാദ്ധ്യതയുള്ള സർക്കാരിനെ വലിച്ചു താഴെയിടുമെന്ന് പറയുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്ക് ആത്മാർത്ഥയുണ്ടെങ്കിൽ കേന്ദ്രസർക്കാരിനെ കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കണം. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും വൈകുണ്ഠസ്വാമിയുമൊക്ക കാട്ടിത്തന്ന പാതയിലൂടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
മേയർ വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കൗൺസിലർ കെ.എസ്.ഷീല, സാംസ്കാരിക ഉന്നതസമിതി സെക്രട്ടറി ഡോ.പ്രഭാകരൻ പഴശ്ശി, സർവവിജ്ഞാനകോശം പബ്ലിക്കേഷൻസ് ഡയറക്ടർ ഡോ.വി.കെ.രാജൻ, കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിട്യൂട്ട് സെക്രട്ടറി പ്രൊഫ. അയിലം ഉണ്ണികൃഷ്ണൻ, ചെമ്പഴന്തി എസ്.എൻ.കോളേജ് പ്രിൻസിപ്പാൾ ഡോ.എസ്.ആർ.ജിത എന്നിവർ സംസാരിച്ചു. ഡോ.എം.ആർ.യശോധരൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ.രാജൻ നന്ദിയും പറഞ്ഞു.
അബ്രാഹ്മണ ശാന്തി നിയമനം
നീരസമുണ്ടാക്കി : കടകംപള്ളി
തിരുവനന്തപുരം : ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അബ്രാഹ്മണ ശാന്തിമാരെ നിയമിച്ച സർക്കാർ നടപടിയിൽ പലർക്കും നീരസമുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതാണ് ശബരിമല വിഷയത്തിലും പ്രതിഫലിക്കുന്നത്.
സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ നെറ്റിചുളിക്കുന്നവരാണ് സവർണവിഭാഗക്കാർ. അവർക്ക് പ്രത്യക്ഷമായി എതിർപ്പ് പ്രകടിപ്പിക്കാൻ കഴിയില്ല. അത്തരക്കാർ ശബരിമലയെ സർക്കാരിനെതിരായുള്ള ആയുധമാക്കുകയാണ്. നവോത്ഥാന നായകരുടെ സന്ദേശം ഉൾക്കൊണ്ടാണ് സർക്കാർ ചരിത്രപരമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.