തിരുവനന്തപുരം:സ്വകാര്യബസുകളെ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാക്കി പൊതുഗതാഗതം ഏകീകരിക്കാനുള്ള പദ്ധതി ലഭിച്ചിട്ടും പൂട്ടിവച്ചിരിക്കുകയാണ് ഗതാഗതവകുപ്പ്. സ്വകാര്യ ബസുകൾ വിലയ്‌ക്ക് വാങ്ങാതെ വാടകയ്ക്കെടുത്ത് സർവീസ് നടത്താനുള്ള പദ്ധതിയാണ് കെ.എസ്.ആർ.ടി.സി സർക്കാരിന് സമർപ്പിച്ചത്.
കെ.എസ്.ആർ.ടി.സിക്കും സ്വകാര്യബസുടമകൾക്കും നേട്ടമാകുന്ന പദ്ധതി തൊഴിലാളി സംഘടനകൾ എതിർത്തേക്കുമെന്ന മുൻവിധിയോടെയാണ് പൂഴ്‌ത്തിവച്ചിരിക്കുന്നത്.
ചെലവേറുന്നതും യാത്രക്കാർ കുറയുന്നതും കാരണം സ്വകാര്യബസ് മേഖലയും പ്രതിസന്ധിയിലാണ്. ബസ് കെ.എസ്.ആർ.ടി.സിക്ക് കൊടുത്താൽ ബസുടമയ്‌ക്ക് കൃത്യമായി വാടക കിട്ടും. ഇപ്പോഴത്തെ ദിവസ വരുമാനത്തേക്കാൾ കൂടിയ തുകയായിരിക്കും അത്.
ഉത്തർപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ വിജയിച്ച പദ്ധതിയാണിത്. അവിടെയെല്ലാം സർക്കാരിന്റെ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് മുഴുവൻ ബസ് സർവീസിന്റേയും ചുമതല.
ഈ സംസ്ഥാനങ്ങളിലെ പോലെ നോൺ എ.സി ബസിന് കിലോമീറ്ററിന് 12 രൂപയും എ.സി ബസിന് 19 രൂപയും വാടക നൽകാമെന്നാണ് അനൗപചാരിക ചർച്ചയിൽ ബസ് ഉടമകളോട് എം.ഡി ടോമിൻ തച്ചങ്കരി പറഞ്ഞത്. 15 രൂപവേണമെന്ന് ചില ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. ഡീസലിന്റെ ചെലവും നികുതിയും കോർപ്പറേഷൻ വഹിക്കും. ഡ്രൈവർ സ്വകാര്യബസിന്റെ തന്നെയായിരിക്കും. കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതും. വരുമാനത്തിൽ നിന്ന് ബസ് ഉടമ ഡ്രൈവറുടെ ശമ്പളം നൽകണം. ഇതൊക്കെയാണ് വ്യവസ്ഥ.
ദിവസം 4800 രൂപ വാടക
വാടക കിലോമീറ്ററിന് 15 രൂപയാണെങ്കിൽ ദിവസം 4,800 രൂപ ഒരു ബസിന് ലഭിക്കും. രണ്ട് ഷിഫ്റ്റിലുമായി കെ.എസ്.ആർ.ടി.സി 320 കിലോമീറ്ററാണ് സർവീസ് നടത്തുന്നത്. എ.സി ബസിന് 19 രൂപ നിരക്കിൽ 6,080 രൂപ ലഭിക്കും.
നേട്ടങ്ങൾ
സർക്കാരിന് പുതിയ ബസുകൾ വാങ്ങേണ്ട
അതിന്റെ ഭീമമായ ചെലവ് ലാഭിക്കാം
കെ.എസ്.ആർ.ടി.സിക്ക് ബസിനൊപ്പം റൂട്ടും കിട്ടും
ട്രാൻസ്പോർട്ട് മേഖലയിലെ പ്രതിസന്ധി അയയും
കുറച്ചു കണ്ടക്‌ടർമാർക്ക് പി. എസ്. സി ജോലി കിട്ടും
ചാർജ് വർദ്ധനയിൽ ജനപക്ഷ തീരുമാനമെടുക്കാം
ബസുകളുടെ എണ്ണം
കെ.എസ്.ആർ.ടി.സി 6,400
സർവീസ് നടത്തുന്നത് 5,000
പ്രൈവറ്റ് 12,500
ദിവസ വരുമാനം
കെ.എസ്.ആർ.ടി.സി 7കോടി
ഒരു സ്വകാര്യ ബസിന് പ്രതിദിന കളക്‌ഷൻ 10,000 - 15,000 രൂപ.
12,500 ബസുകൾക്ക് 12.5 കോടി രൂപ