sivagiri

ശിവഗിരി:രാജവാഴ്ചയുടെ അവശിഷ്ടങ്ങളെ പിന്തുണയ്ക്കാൻ പുന്നപ്ര-വയലാറിന്റെ മക്കൾക്ക് കഴിയില്ലെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. രാജവാഴ്ച വരുമെന്ന് ചില സ്വപ്നജീവികൾ കരുതുന്നുണ്ട്.അതൊന്നും നടക്കില്ല.

ശ്രീനാരായണഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.

പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത 80 ശതമാനവും ഈഴവസമുദായക്കാരാണ്. ബാക്കി പിന്നാക്ക വിഭാഗക്കാരും കത്തോലിക്കരും. മറ്റുള്ളവർ അന്ന് സർ സി.പിയുടെ പക്ഷത്തായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാതുർവർണ്യത്തിന്റെ പ്രേതങ്ങൾ അനക്കം വച്ച് തുടങ്ങിയിരിക്കുന്നു. ദുരാചാരങ്ങൾ മാറണം.നല്ല ആചാരങ്ങൾ നിലനിൽക്കണം.മതത്തിന്റെ പുറംതോട് മാത്രമാണ് ആചാരങ്ങൾ.മതത്തിന്റെ സാരവും ആചാരവുമായി ബന്ധമില്ല, അത് മാറിക്കൊണ്ടിരിക്കും.കേരളത്തിന് നവീനമായ വിദ്യാഭ്യാസ ദർശനം നൽകിയത് ശ്രീനാരായണഗുരുദേവനാണ്. മുൻഗാമികളുടെ പാതയിലൂടെയല്ല ഗുരു സഞ്ചരിച്ചത്.ഋഷികളും കവികളും സാമൂഹ്യപരിഷ്കർത്താക്കളും നടത്തിയ പ്രവർത്തനങ്ങളുടെ സത്ത മുഴുവൻ ഉൾക്കൊണ്ട് നവീനമായ പാതയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്.ആദ്ധ്യാത്മികതയും ഭൗതികതയും അദ്ദേഹം കൂട്ടിയിണക്കി. ഇവ തമ്മിൽ ശത്രുതാപരമായ ബന്ധമാണെന്ന് യാഥാസ്ഥിതികർ ചിന്തിച്ചിരുന്നു.അദ്ധ്യാത്മികത പറയുകയും ഭൗതികതയിൽ നുരച്ചുപൊന്തുകയും ചെയ്യുന്ന ബ്രാഹ്മണമേധാവിത്വമാണ് ആ ചിന്ത അടിച്ചേൽപ്പിച്ചത്.

ഗുരുദേവൻ ചാതുർവർണ്യത്തോട് പരസ്യ യുദ്ധത്തിന് പോയില്ല. നിശബ്ദമായി അതിന്റെ അടിത്തറ നശിപ്പിച്ചുകളഞ്ഞു.ഒരാൾക്കും എതിർക്കാൻ കഴിഞ്ഞില്ല.ഗുരു പറഞ്ഞ സത്യങ്ങളുടെ ജാജ്വല്യമായ വെളിച്ചത്തിൽ കണ്ണുമഞ്ഞളിച്ച് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായി അവർ. പരമമായ സത്യത്തെ തേടിയ ഗുരുവിന്റെ മിഴികൾ അനന്തതയിൽ ഉറപ്പിച്ചു നിൽക്കുമ്പോഴും പാദാരവിന്ദങ്ങൾ സാധാരണക്കാരന്റെയും കർഷകരുടെയും കണ്ണീർ വീണ മണ്ണിലാണ് ഉറപ്പിച്ചത്.

ആരാധനാ സ്വാതന്ത്ര്യമില്ലാതിരുന്ന ഭൂരിപക്ഷത്തിന് വേണ്ടിയാണ് ഗുരുദേവൻ ആദ്യം പ്രതിഷ്ഠ നടത്തിയത്. ഒരു തുള്ളി രക്തവും ചിന്താതെയാണ് ആ കർമ്മം നടത്തിയത്. മറ്റെവിടെയും കാണാതിരുന്ന മഹത്തായ സാമൂഹിക വിപ്ളവമായിരുന്നു അത്.അതിന്റെ ഗുണഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഏകോദര സഹോദരങ്ങളെപ്പോലെ എല്ലാവരും ജീവിക്കണമെന്നാണ് ഭരണഘടന പറയുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാവാനും സംഘടന കൊണ്ട് ശക്തരാവാനും ഗുരു ആഹ്വാനം ചെയ്തു.എസ്.എൻ.ഡി.പി യോഗത്തിലൂടെ മഹത്തായ നവോത്ഥാന പ്രസ്ഥാനത്തിന് മാതൃക കാട്ടിയത് ഗുരുദേവനാണ്.സംഘടന ശക്തമാവുമ്പോൾ,ശക്തി വഴിവിട്ടു പ്രവർത്തിച്ചാൽ അത് ഫാസിസമാവുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി.എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ പ്രസംഗിച്ചു.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു, വി.ജോയി.എം.എൽ.എ,സ്വാമി ശിവസ്വരൂപാനന്ദ, കുമാരി ഗായത്രി കൃഷ്ണ,കുമാരി കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. അരയാക്കണ്ടി സന്തോഷ് സ്വാഗതവും സിനിൽമുണ്ടപ്പള്ളി നന്ദിയും പറഞ്ഞു.