sat

തിരുവനന്തപുരം : രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള നാലുനില വിശ്രമമന്ദിരത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. നഗരസഭയുടെ കീഴിൽ ദേശീയ നഗര ഉപജീവന (എൻ.യുഎം.എൽ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബഹുനിലകെട്ടിടം പണിതീർക്കുന്നത്. ഹാബിറ്റാറ്റിനാണ് നിർമ്മാണച്ചുമതല. ഇതിനായുള്ള കരാർ അടുത്തമാസം ഒപ്പുവയ്ക്കും. 3.37 കോടിയാണ് പദ്ധതി ചെലവ്. ഇതിൽ എൻ.യു.എൽ.എം വിഹിതമായ 2.6 കോടി അനുവദിച്ചു കഴിഞ്ഞു. നഗരസഭയാണ് ബാക്കി തുക ചെലവാക്കുന്നത്. 11920 ചതുരശ്രയടി കെട്ടിടത്തിൽ വിശാലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. എസ്.എ.ടി പുതിയ ഒ.പി ബ്ലോക്കിനു സമീപത്താണു നേരത്തേ മന്ദിരം പണികഴിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇവിടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി മറ്റൊരു ബഹുനില കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ വിശ്രമ കേന്ദ്രം പേവാർഡിന് സമീപത്താകും ഉയരുന്നത്. നിലവിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ടു വിശ്രമകേന്ദ്രങ്ങളുണ്ടെങ്കിലും മതിയായ സൗകര്യങ്ങളില്ല. വിശ്രമിക്കാൻ ഇടമില്ലാതെ നട്ടംതിരിയുകയാണു കൂട്ടിരിപ്പുകാർ. കിടക്കാൻ കടത്തിണ്ണകളും മരത്തണലുകളുമാണ് ഇപ്പോൾ കൂട്ടിരിപ്പുകാർ ആശ്രയിക്കുന്നത്. രോഗികളുമായി തങ്ങേണ്ടവർ ആശുപത്രിക്കു പുറത്ത് വൻതുക മുടക്കിയാണ് മുറികൾ വാടകയ്ക്ക് എടുക്കുന്നത്. പുതിയ കെട്ടിടത്തിലെ റൂമുകൾക്ക് ചെറിയ ഫീസ് ഈടാക്കും. മെഡിക്കൽ കോളേജ് ആശുപത്രി, എസ്.എ.ടി, ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലെത്തുന്നവർക്കും ഈ സൗകര്യം വിനിയോഗിക്കാം.