1

പൂവാർ: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തീരദേശ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ പരിമിതികളാൽ വീർപ്പുമുട്ടുകയാണ്. 1956-ൽ പ്രവർത്തനമാരംഭിച്ച ഹെൽത്ത് സെന്ററിലെ പ്രധാന പ്രശ്നം സ്ഥലപരിമിതികളാണ്. 62 വർഷങ്ങൾ പിന്നിടുമ്പോൾ 40 കിടക്കകളുള്ള ഹെൽത്ത് സെന്റായി മാറിയിട്ടും സ്ഥലപരിമിതി മറികടക്കാനായിട്ടില്ല. 56 സെന്റ് ഭൂമിയിലും നിറഞ്ഞുനിൽക്കുന്ന ചെറിയ കെട്ടിടങ്ങളാണ് നിലവിലുള്ളത്. ആശുപത്രിക്കുള്ളിൽ നിന്ന് തിരിയാൻ പോലും ഇടമില്ല. എക്സറേ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചുവെങ്കിലും ഇന്ന് പ്രവർത്തനക്ഷമമല്ല. എക്സറേ ടെക്നീഷ്യന് ശമ്പളം കൊടുക്കേണ്ടി വരുന്നത് ആശുപത്രി വികസന സമിതിയാണ്. ഗുണനിലവാരമില്ലാത്ത എക്സറേ മെഷ്യൻ സ്ഥാപിച്ചതുകൊണ്ടാണ് പ്രവർത്തനം നിലച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. സമീപ വാസികളെ ആശങ്കപ്പെട്ടത്തുന്ന ഒന്ന് തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ ലെപ്രിസി(കുഷ്ഠം) ബാധിതരുള്ളത് പാറശാല ബ്ലോക്കിലാണെന്നാണ് ഡോ. ജവഹർ ഐ.എസ്. പറഞ്ഞു. പ്രത്യേകിച്ച് കാരോട്, കുളത്തൂർ, ചെങ്കൽ പഞ്ചായത്തു പ്രദേശങ്ങളിലാണ്. ഇതിനെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നതായും അദ്ദേഹം പറഞ്ഞു.

സേവനം ഇങ്ങനെ

ഇവിടെ നൈറ്റ് ഡ്യൂട്ടിക്ക് ഓതു ഡോക്ടറാണ് നിലവിൽ ഉള്ളത്. ഈ ഡോക്ടർ ലീവായാൽ പിന്നെ രാത്രികാലത്ത് ഡോക്ടറില്ല. ആകെയുള്ള നഴ്സുമാരിൽ സിഥിരം ജീവനക്കാരി ഒരാൾ മാത്രമാണ്.ബാക്കിയുള്ളവർ എൻ.ആർ.എച്ച്.എം വഴിയും ആശുപത്രി വികസന സമിതിയം നിയമിച്ചിരിക്കുന്നവരാണ്. ജീവനക്കാരുടെ അപര്യാപ്തത ആശുപത്രി പ്രവർത്തനം പലപ്പോഴും താളം തെറ്റിക്കാറുണ്ടെന്നാണ് മെഡിക്കലോഫീസർ ഡോ: ജവഹർ.ഐ.എസ് പറയുന്നത്.

പിമിതികൾക്കും അപ്പുറം

അത്യാസന്ന നിലയിൽ എത്തുന്ന രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കോ, നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്കോ പറഞ്ഞു വിടുന്നതാണ് പതിവ്. സ്ഥലപരിമിതിയിലും മറ്റ് പ്രശ്നങ്ങളിലും രോഗികളും കൂട്ടിരുപ്പുകാരും വീർപ്പുമുട്ടുമ്പോഴും വൃത്തിയുടെ കാര്യത്തിൽ പ്രശംസനീയമാണ് പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ.