പാലോട്: വന്യജീവിശല്യം തടയാൻ വനംവകുപ്പ് ആവിഷ്കരിച്ച സൗരോർജവേലി പദ്ധതി തകിടം മറിഞ്ഞപ്പോൾ കൃഷിയിടങ്ങളിൽ കൃഷിവകുപ്പ് നിർമ്മിച്ച സംരക്ഷണവേലി കർഷകർക്ക് ആശ്വാസം പകരുന്നു. വന്യമൃഗ ശല്യത്തിൽ ലക്ഷങ്ങളുടെ നഷ്ടം സഹിച്ച് കൃഷി ഉപേക്ഷിച്ച പെരിങ്ങമ്മലയിലെ കർഷകർക്കാണ് കൃഷിവകുപ്പിന്റെ സംരക്ഷണ വേലി ആശ്വാസമാവുന്നത്. പെരിങ്ങമ്മല പഞ്ചായത്തിൽ അവശേഷിക്കുന്ന ഏക പാടശേഖരമാണ് കൃഷിവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിൽ പുതു ജീവൻ നൽകിയത്. ഏഴു പതിറ്റാണ്ടായി നെൽകൃഷി നിലനിൽക്കുന്ന പെരിങ്ങമ്മല പാടശേഖരത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കനത്ത നഷ്ടത്തിലാണ് കൃഷി നടത്തുന്നത്, കാട്ടു പന്നി, മയിൽ, മ്ലാവ്, കുരങ്ങ് ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ നെൽകൃഷി നശിപ്പിക്കുന്നത് പതിവാണ്. ഓരോ വർഷവും കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാവുന്നത്. ഇതിനു പരിഹാരമായി നാല്‍പ്പത് ഹെക്ടർ സ്ഥലത്ത് പതിനൊന്നു ലക്ഷം രൂപ ചെലവിട്ട് കൃഷിഭവന്റെ നേതൃത്വത്തിൽ കമ്പിവേലി സ്ഥാപിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നെൽകൃഷി കാര്യമായി സംരക്ഷിക്കാൻ സാധിക്കുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. പാടശേഖരത്തിനു ചുറ്റും സംരക്ഷിത വേലി ഒരുക്കാനുള്ള കൃഷിവകുപ്പിന്റെ പദ്ധതി വിജയകരമാണെന്ന് പാലോട് കൃഷിയോഫീസർ നിയ പറഞ്ഞു. ഇതേസമയം പാലോട് റേഞ്ച് ഫോറസ്റ്റിനു കീഴിലെ ഇടിഞ്ഞാർ, പേത്തലകരിക്കകം, മങ്കയം, മുത്തിപ്പാറ, ഇയ്യക്കോട്, ചെല്ലമൂട്, മുത്തിക്കാണി, ഞാറനീലി, ഇലഞ്ചിയം എന്നിവിടങ്ങളിൽ ആദിവാസികൾക്ക് സംരക്ഷണമൊരുക്കാൻ വനംവകുപ്പ് തുടങ്ങിവച്ച സൗരോർജവേലി പദ്ധതി ഇനിയും നടപ്പായില്ല. ചില കേന്ദ്രങ്ങളിൽ നിർമ്മാണം തുടങ്ങിയെങ്കിലും ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചതിനെ ചൊല്ലി സ്ഥലവാസികൾ പ്രതിഷേധത്തിലാണ്.
ഒറ്റയാൻ കുടിലെടുത്തു; കൈക്കുഞ്ഞുമായി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പേത്തലകരിക്കകം ജനവാസ കേന്ദ്രത്തിൽ ഇന്നലെ രാത്രി പത്തോടെ ചിന്നം വിളിച്ചെത്തിയ ൻ വടക്കുംകര വയലരികത്തു വീട്ടിൽ റസ്‌ലമ്മയുടെ കുടിലെടുത്തു. ഈ സമയം മകളും കുഞ്ഞും വീട്ടിലുണ്ടായിരുന്നു. മുൻ വശത്തെ വാതിൽ തുറന്ന് കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു കുടുംബം. അയൽവാസികളായ സംഗീത മോൾ, നയന ജ്യോതി, സജി, ജോണി, ബോബിക്കുട്ടൻ എന്നിവരുടെ വീടിനു സമീപത്തും ഒറ്റയാൻ അക്രമം കാട്ടി. വാഴയും തെങ്ങും പരക്കെ പിഴുതെറിഞ്ഞു. സ്ഥലവാസികൾ ഒറ്റയാനെ പേടിച്ച് ദിവസങ്ങളായി ഉറക്കമിളച്ച് കഴിയുകയാണ്. പ്രദേശത്തെ കാട്ടാനശല്യത്തെ കുറിച്ചു കഴിഞ്ഞ 27 നു കേരളകൗമുദി വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.