വെള്ളറട: കുന്നത്തുകാൽ- വെള്ളറട റോഡിന്റെ ഭാഗത്ത് പളുകൽ പഞ്ചായത്ത് ശേഖരിക്കുന്ന പ്ലാസ്റ്രിക് മാലിന്യങ്ങൾ തോലടി, പുല്ലന്തേരി പ്രദേശങ്ങളിലെ റോഡുവക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇട്ട് കത്തിക്കുന്നതായി പരാതി. മാലിന്യം കത്തിക്കുന്നതിന് സമീപത്തെ വീട്ടുകാർ ചോദ്യംചെയ്തതോടെ പ്ലാസ്റ്റിക് കത്തിക്കാൻ എത്തിയ തൊഴിലാളികൾ തമിഴ്നാട്ടിലെ പളുകൽ പഞ്ചായത്തിലെ എക്സിക്യൂട്ടീവിന് പരാതി നൽകി. തുടർന്ന് തമിഴ്നാട് പൊലീസെത്തി പ്രദേശവാസികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥലവാസികൾ കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതിനൽകിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇവിടെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായെ കണ്ടെത്തുകയും പ്ലാസ്റ്റിക് കത്തിക്കരുതെന്ന് പളുകൽ പഞ്ചായത്തിലെ അധികൃതർക്ക് രേഖാമൂലം കത്തുനൽകുകയും ചെയ്തിരുന്നു. എന്നാൽ പ്ലാസ്റ്റിക് കത്തിക്കുന്നതിൽ ഒരു നിയന്ത്രണവും ഇല്ലെന്ന് സ്ഥലവാസികൾ പറഞ്ഞു.