തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ നടത്തിയ പ്രസംഗം സുപ്രീംകോടതിക്കെതിരെയുള്ള ഭീഷണിയാണെന്നും അത് ബി.ജെ.പിയുടെ അഭിപ്രായംതന്നെയാണെന്നും സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്ങൾക്ക് ഹിതകരമായ വിധിമാത്രമേ കോടതി പുറപ്പെടുവിക്കാവൂ എന്ന ബി.ജെ.പിയുടെ നയമാണ് അമിത് ഷാ പറഞ്ഞത്. അയോദ്ധ്യക്കേസും റാഫേൽ അഴിമതിക്കേസും സി.ബി.ഐയിലെ ചേരിപ്പോരിന്റെ കേസും സുപ്രീംകോടതിയുടെ അടിയന്തര പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയുടെ മേൽ സമ്മർദ്ദം ചെലുത്താനാണ് അമിത് ഷായുടെ പ്രസംഗം. ശബരിമല സമരത്തിന്റെ രാഷ്ട്രീയലക്ഷ്യം സർക്കാരിനെ അട്ടിമറിക്കുകയാണെന്ന് അമിത് ഷായുടെ പ്രസംഗത്തിൽ വെളിവാകുന്നുണ്ട്. വിധിയെ എതിർക്കുന്നവർക്ക് ആകെയുള്ള മാർഗം സുപ്രീംകോടതിയെ സമീപിക്കലാണ്. സമരങ്ങളെല്ലാം ദുരുദ്ദേശ്യപരമാണ്. ശബരിമല വിഷയം ബി.ജെ.പിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ല. നവോത്ഥാന മൂല്യങ്ങളിൽ നിന്ന് നാടിനെ പിന്നോട്ടടിക്കാനേ ഇപ്പോഴത്തെ സമരങ്ങൾ ഉപകരിക്കൂവെന്ന് രാമചന്ദ്രൻപിള്ള പറഞ്ഞു.