വെള്ളറട: മലയോരത്ത് കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടൽ വ്യാപകമായതോടെ റോഡുകളെല്ലാം വെട്ടിപൊളിയുന്നു. പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ റോഡ് കുഴിക്കുന്ന അധികൃതർ പിന്നീട് റോഡ് നന്നാക്കാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വെള്ളറട നെയ്യാറ്റിൻകര റോഡിൽ കൊല്ലകുടി കയറ്റത്തിന് സമീപവും മിക്ക ദിവസങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാണ്. മലയൻകാവ്, വേങ്കോട് റോഡിൽ നിരവധി സ്ഥലത്താണ് അടുത്തടുത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
വെട്ടിപൊളിക്കുന്ന ഭാഗത്ത് ചെളിമണ്ണുമാത്രം ഇട്ടുമൂടുന്നതുകാരണം വീണ്ടും വാഹനങ്ങൾ കടന്നുപോകുമ്പോൾ പൈപ്പ് പൊട്ടുകയും വാഹനങ്ങൾ കുഴിയിൽ വീഴുകയും പതിവാണ്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകൾക്ക് ഗുണനിലവാരം ഇല്ലാത്തതുകൊണ്ടാണ് പൊട്ടാന്നതെന്ന് ആരോപണവും നിലവിലുണ്ട്.