sathospital

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ അറ്റകുറ്റപ്പണിക്കായി പൂട്ടിയിട്ടിരുന്ന ഏഴാം വാർഡിന്റെ നവീകരണം പൂർത്തിയായതോടെ ഇന്ന് മുതൽ രോഗികളെ പ്രവേശിപ്പിക്കും. പ്രസവത്തിനായി എത്തുന്നവരെയും പ്രസവം കഴിഞ്ഞ ശേഷം നവജാത ശിശുവിനെയും അമ്മയെയും മാറ്റുന്ന വാർഡാണിത്. വാർഡിൽ ഉണ്ടായിരുന്ന രോഗികളെ മാസങ്ങൾക്ക് മുമ്പ് സമീപത്തെ വാർഡുകളിലേക്ക് മാറ്റിയ ശേഷമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. പി.ഡബ്ലിയു.ഡിക്കായിരുന്നു നിർമ്മാണ ചുമതല. ഏകദേശം 30 ലക്ഷം രൂപ ചെലവിലായിരുന്നു നവീകരണം. ഇതിന് പുറമെ ഇലക്ട്രിക്കൽ വർക്കിനായി 5 ലക്ഷം രൂപയും വിനിയോഗിച്ചു. അറുപതോളം കിടക്കകളാണ് ഇവിടെ ഉണ്ടായിരുന്നതെങ്കിലും നൂറിലധികം പേരാണ് ഈ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. തറയിൽ പുതിയ ടൈലുകൾ പാകിയിട്ടുണ്ട്. മൂത്രപ്പുരകളും നവീകരിച്ചു. ഭക്ഷണം കഴിക്കാനുള്ള സ്ഥലവും പുതുക്കിപ്പണിതു. ലൈറ്റുകളും സ്വിച്ചുകളും ഫാനുകളും മാറ്റി അടിമുടി അത്യാധുനിക വാർഡായി മാറ്റുകയായിരുന്നു. അറ്റകുറ്റപ്പണി സമയബന്ധിതമായി തീർക്കാൻ കഴിയാതിരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിയതോടെ നവജാത ശിശുക്കളുമായി അമ്മമാർ നിലത്താണ് കിടക്കുന്നതെന്നും പൂർണ ഗർഭിണികളെ തറയിൽ കിടത്തിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഏഴാം വാർഡിലെ രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റിയതിനെ തുടർന്ന് അവിടെയും തിരക്ക് അനുഭവപ്പെട്ടിരുന്നു. പി.ഡബ്ലിയു.ഡിയുടെ മെല്ലെപ്പോക്ക് കാരണമാണ് അറ്റകുറ്റപ്പണി അനന്തമായി നീണ്ടുപോയതെന്ന ആരോപണം നിലവിലുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.കെ. ശൈലജ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചത്. പുതിയ വാർഡ് പ്രവർത്തന സജ്ജമാകുന്നതോടെ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷയിലാണ് ഗർഭിണികളും കൂട്ടിരിപ്പുകാരും.