savesabarimala

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ നവംബർ 8 മുതൽ 13 വരെ കാസർകോട് നിന്ന് പമ്പയിലേക്കു നടത്തുന്ന രഥയാത്രയ്ക്ക് മുന്നോടിയായി മുസ്ലിം, ക്രിസ്ത്യൻ മതമേലദ്ധ്യക്ഷരെ കണ്ട് ആശീർവാദം തേടാനൊരുങ്ങുകയാണ്‌ ബി.ജെ.പി. മതഭേദമെന്യേ വിശ്വാസിസമൂഹത്തിന്റെ പ്രശ്നമാക്കി, തിരഞ്ഞെടുപ്പിനു മുമ്പ് ന്യൂനപക്ഷപിന്തുണ നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണിത്. എന്നാൽ, രഥയാത്രയെ ബാബ്റിമസ്ജിദ് തകർക്കപ്പെട്ട കാലത്തോട് ഉപമിച്ച് സംഘപരിവാർനീക്കത്തിന് തടയിടാൻ സി.പി.എമ്മും ഇടത് നേതൃത്വവും ശ്രമമാരംഭിച്ചു. നാട്ടിൽ കലാപമുണ്ടാക്കി കേന്ദ്രത്തിന്റെ ഇടപെടലുറപ്പാക്കാനുള്ള തന്ത്രമായി അമിത്ഷായുടെ വെല്ലുവിളിയെയും മറ്റും ചിത്രീകരിക്കുക വഴി സംഘപരിവാർനീക്കങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ഇടത്കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്.

കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ ഹാജി അടക്കമുള്ള മുസ്ലിം മതനേതാക്കളുമായും വിവിധ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്കുള്ള വ്യക്തിപരമായ അടുപ്പമാണ് പ്രയോജനപ്പെടുത്താനൊരുങ്ങുന്നത്. ബി.ജെ.പി മതന്യൂനപക്ഷങ്ങൾക്കെതിരല്ലെന്ന സന്ദേശം നൽകാൻ ഇതിലൂടെ കഴിയുമെന്നവർ കണക്കുകൂട്ടുന്നു.

സംഘപരിവാറിന്റേത് ആസൂത്രിതമായ വർഗീയകലാപ നീക്കമാണെന്ന് വരുത്തുകയാണ് ഇടത് തന്ത്രം. 1992ൽ എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര ബാബ്റി മസ്ജിദിന്റെ തകർച്ചയ്ക്കും രാജ്യത്താകെ വർഗീയകലാപത്തിനും വഴിവച്ചതുപോലെ ശബരിമല രഥയാത്ര മതേതര കേരളത്തെ തകർക്കാനാണെന്നാണ് ഇടത് നിലപാട്. ഇത് തിരിച്ചറിഞ്ഞാണ് ബി.ജെ.പിയുടെ കൂടിക്കാഴ്ചകൾ.

രഥയാത്രയുടെ ഉദ്ഘാടനമടക്കമുള്ള വിശദാംശങ്ങൾ നവംബർ ഒന്നിനേ തീരുമാനിക്കൂ.

ശബരിമലവിഷയത്തിൽ സംസ്ഥാന ബി.ജെ.പിയുടെ സമരത്തിന് അഖിലേന്ത്യാ നേതൃത്വം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ നിലപാട് കടുപ്പിച്ച സ്ഥിതിക്ക്, സമരവും കടുപ്പിക്കാനാണ് അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദ്ദേശിച്ചത്.

ആദ്യഘട്ടസമരം പാർട്ടിക്ക് ചലനമുണ്ടാക്കാനായെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തൽ. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമാകണമെന്ന സന്ദേശമാണ് അമിത് ഷാ നൽകിയത്. സർക്കാർതന്ത്രങ്ങളെ മറികടക്കാൻ എല്ലാ അടവുകളും പയറ്റണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ നേടണം.ഇക്കാര്യത്തിൽ കേന്ദ്രം വിട്ടുവീഴ്ചയ്ക്കില്ല.

നേട്ടത്തിനുള്ള കരുക്കൾ

കോടതിവിധിയുടെ തൊട്ടടുത്ത ദിവസം ബി.ജെ.പി സംസ്ഥാന കോർകമ്മിറ്റിയിലെ അഞ്ച് നേതാക്കളെ അമിത് ഷാ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. അന്ന് അഖിലേന്ത്യാനേതൃത്വവും ആർ.എസ്.എസ് കേന്ദ്രനേതൃത്വവും വിധിയെ അനുകൂലിച്ച് നിൽക്കുകയായിരുന്നു. അതിനാൽ സംസ്ഥാന നേതാക്കൾ എങ്ങും തൊടാതെയുള്ള പ്രതികരണങ്ങളാണ് നൽകിയത്.

എന്നാൽ, വിശ്വാസികൾക്കൊപ്പം നിന്ന് മുതലെടുപ്പിനുള്ള അവസരമാക്കണമെന്ന് കേരള ചുമതലയുള്ള നേതാവിന്റെ നിർദ്ദേശം വന്നതോടെ ഉചിതമായ തന്ത്രമുണ്ടാക്കാൻ കേന്ദ്രനേതൃത്വം കേരളഘടകത്തോട് പറഞ്ഞു. അങ്ങനെയാണ് കേരളത്തിൽ ബി.ജെ.പി നേതൃത്വം സമരപാതയിലേക്ക് നീങ്ങിയത്.

എസ്.എൻ.ഡി.പിയോഗത്തെയും എൻ.എസ്.എസിനെയും ഒപ്പം നിറുത്താനുള്ള ശ്രമം ശക്തിപ്പെടുത്തണമെന്നും അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, പൊലീസ് നടപടി കനപ്പിക്കുമ്പോൾ, ബി.ജെ.പിയുടെ അക്രമസമരമാർഗത്തോട് ചേരാൻ എൻ.എസ്.എസിലടക്കം വിമുഖതയുണ്ടാകുമെന്ന കണക്കുകൂട്ടൽ ഇടതിലുമുണ്ട്. വിധി നടപ്പാക്കാൻ സർക്കാർ ശക്തമായ നടപടികളെടുക്കുമ്പോൾ ക്രമസമാധാനപ്രശ്നത്തിലേക്ക് നീങ്ങിയാൽ, കേന്ദ്ര ഇടപെടൽ അനിവാര്യമാക്കി, വിധി മറികടക്കാനുള്ള നിയമനിർമ്മാണത്തിലേക്ക് കടക്കാമെന്നും അത് രാഷ്ട്രീയവിജയമാക്കാമെന്നും ബി.ജെ.പി കരുതുന്നു.