sivagiri

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ മഹാസമാധിയുടെ നവതി ആചരണത്തിന്റെ സമാപനചടങ്ങായ മഹായതിപൂജയ്ക്ക് ശിവഗിരിയിൽ വിപുലമായ ഒരുക്കം. 31ന് രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. ഭാരതത്തിലെ വിവിധപരമ്പരകളിലെ യതിവര്യന്മാരെ ക്ഷണിച്ചു വരുത്തി സമഭാവനയോടെയാണ് യതിപൂജ.

1928 സെപ്തംബർ 20ന് പരിനിർവ്വാണമടഞ്ഞ ഗുരുദേവന്റെ മഹാസമാധിയുടെ 41-ാം ദിവസം നടത്തേണ്ടിയിരുന്ന യതിപൂജ അവിചാരിതമായ കാരണങ്ങളാൽ മുടങ്ങി. അതാണ് 90 വർഷത്തിനുശേഷം നടത്തുന്നത്. ഭാരതത്തിലെ ആശ്രമങ്ങളിൽ നിന്നും മഠങ്ങളിൽ നിന്നും 1008ഓളം സന്യാസി ശ്രേഷ്ഠർ പങ്കെടുക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ പറഞ്ഞു.

300അടി നീളവും 100അടി വീതിയുമുളള മണ്ഡപം തയ്യാറായി വരുന്നു. ഈ മണ്ഡപത്തിലാണ് സന്യാസി ശ്രേഷ്ഠരെ സ്വീകരിച്ചിരുത്തുന്നത്. ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം എന്നീ പഞ്ചോപചാരങ്ങളോടെ പാദപൂജ നടത്തിയാണ് സന്യാസിമാരെ ആദരിക്കുന്നത്. വസ്ത്രം, കുട, കമണ്ഡലു, രുദ്രാക്ഷം, ഭസ്മം, ബാഗ്, ഗ്രന്ഥം, ഗുരുദേവകൃതികൾ, പൂമാല, വെള്ളിനാണയം. പഴവർഗ്ഗങ്ങൾ തുടങ്ങിയവ താലത്തിൽ സമർപ്പിക്കും. ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരുടെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ഉൾപെടെയുളള യോഗം നേതാക്കളുടെയും നേതൃത്വത്തിലാണ് സമർപ്പണം. മുന്നൂറോളം പരികർമ്മികളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഹരിദ്വാർ, ഹൃഷികേശ്, കാശി, ബനാറസ് എന്നീ പുണ്യകേന്ദ്രങ്ങൾക്കു പുറമേ,തമിഴ്നാട്, കർണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സന്യാസിമാരും എത്തിച്ചേരും.ആന്ധ്രയിൽ ഗുരുദേവന്റെ പ്രഥമ ശിഷ്യനായിരുന്ന ശിവലിംഗദാസ് സ്വാമിയുടെ (മലയാള സ്വാമി), വ്യാസാശ്രമത്തിലെ സന്യാസിമാരും എത്തുന്നുണ്ട്. കേരളത്തിലെ എല്ലാ ആശ്രമങ്ങളിലെ സന്യാസി ശ്രേഷ്ഠരും പങ്കെടുക്കും. ട്രെയിൻ - വിമാനമാർഗ്ഗമാണ് വരുന്നത്. വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കും. വടക്കേ ഇന്ത്യയിലെ നാല്പതോളം പാചകവിദഗ്ദ്ധർ എത്തിയിട്ടുണ്ട്. യതിപൂജയ്ക്ക്ശേഷം അമ്പതോളം വിഭവങ്ങൾ അടങ്ങിയ അന്നപ്രസാദം നൽകി ആരതി ഉഴിയുന്നതോടെയാണ് ചടങ്ങുകൾ പൂർത്തിയാവുന്നത്.മഹായതിപൂജയ്ക്ക് മാത്രം രണ്ടു കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.