ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ ചിന്തകൾ യൗവനയുക്തമാണെന്നും പ്രസക്തി വർദ്ധിച്ചുവരികയാണെന്നും മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. ഗുരുദർശനം പ്രാവർത്തികമാക്കുന്നതിൽ വിജയിച്ചോ പരാജയപ്പെട്ടോ എന്നതിന്റെ ഉരകല്ലാണ് സമീപകാല സംഭവങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീനാരായണഗുരു മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാനത്തിന്റെ ശക്തിസ്രോതസ്സാണ് ഗുരുദേവൻ. പ്രളയകാലത്ത് കേരളം കണ്ട ഐക്യത്തിന്റെ പ്രേരകശക്തിയും ഗുരുവാണ്.ഒരു ജാതി, ഒരു മതം ,ഒരു ദൈവം എന്ന ദർശനം അദ്ദേഹം പറഞ്ഞിരുന്നില്ലെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നില്ല.ഗുരുദേവൻ പറഞ്ഞതിനെക്കാൾ തീഷ്ണമായി ഒന്നും പറയാൻ ഇന്നും ആർക്കുമാവില്ല. ഭരണഘടനയ്ക്ക് മുകളിലല്ല ആരും.ക്ഷേത്രങ്ങളിൽ അവർണർ പൂജ നടത്തിയാൽ എന്താണ് കുഴപ്പം. കാലത്തിന് അനുസൃതമായി ആചാരങ്ങളും ചട്ടങ്ങളും മാറണമെന്നും സുനിൽ കുമാർ പറഞ്ഞു.
ആചാരങ്ങൾ അബദ്ധമെന്ന് കാണുമ്പോൾ അവയ്ക്ക് മാറ്രമുണ്ടാവുമെന്ന് അദ്ധ്യക്ഷത വഹിച്ച ജസ്റ്റിസ് ബി.കെമാൽപാഷ അഭിപ്രായപ്പെട്ടു.സതിയും മാറുമറയ്ക്കാൻ അവകാശമില്ലാത്തതും ഇത്തരം അബദ്ധങ്ങളായിരുന്നു. ചട്ടങ്ങൾ കാലാനുസൃതം മാറേണ്ടതാണ്.മാറ്രുവിൻ ചട്ടങ്ങളെ എന്ന് ഉദ്ബോധിപ്പിച്ച കുമാരനാശാന്റെ നാടാണ് കേരളം.മനുഷ്യരെ വേലികെട്ടി തിരിക്കുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ. അവനവനിലാണ് ദൈവം അടങ്ങിയിരിക്കുന്നത്. വേറെ ആരും വേണ്ടെന്ന ചിന്ത ശക്തമാവുമ്പോഴാണ് അത് ഭീകരവാദമായി മാറുന്നത്. മതം മനുഷ്യന് വേണ്ടിയാവണം.എല്ലാ മതങ്ങളും സ്നേഹിക്കാനാണ് പറയുന്നത്. എന്നാൽ, മതവും രാഷ്ട്രീയവും തമ്മിൽ ഇപ്പോഴുള്ളത് വൃത്തികെട്ട ബന്ധമാണ്. അധികാരത്തിന്റെ ഭാഗമാവാമെന്ന് മതം തിരിച്ചറിഞ്ഞതാണ് പ്രശ്നം.
കേരളത്തിൽ പ്രളയമുണ്ടായപ്പോൾ ഒരു ജാതിമത വ്യത്യാസവും കണ്ടില്ല. എല്ലാവരും ഒന്നിച്ചു.അതു കഴിയുമ്പോൾ മറക്കുന്നു.ദുരന്തം അനുഭവമാണ്. അനുഭവം പാഠവും.യുവാക്കൾ ശരിയായ വിധത്തിൽ നയിക്കപ്പെടുന്നില്ലെന്നും കെമാൽപാഷ പറഞ്ഞു.പി.ടി.മന്മഥൻ, സ്വാമി അസ്പർശാനന്ദ,വി.ജോയി എം.എൽ.എ,കെ.പി.കൃഷ്ണകുമാരി, സംഗീതാ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും കാവേരി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.