തിരുവനന്തപുരം: പരിക്കിനെ അവഗണിച്ച് കുതിച്ച സാന്ദ്ര നേടിയെടുത്തത് ഈ മേളയിലെ തന്റെ മൂന്നാമത്തെ സ്വർണമെന്ന സ്വപ്നതുല്യമായ നേട്ടമാണ്. 200 മീറ്റർ ഓട്ടത്തിൽ 25.71 സെക്കൻഡിൽ ഫിനിഷ് ചെയ്തതോടെ 62-ാം സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രിപ്പിൾ സ്വർണം നേടിയ മൂന്നു പേരിൽ ഒരാളായി സാന്ദ്രയും മാറി. നേരത്തെ 100, 400 മീറ്റർ ഇനങ്ങളിലും സാന്ദ്ര സ്വർണനേട്ടം കരസ്ഥമാക്കിയിരുന്നു.
കാലിൽ ചെറിയ പരിക്കുമായാണ് സാന്ദ്ര 200 മീറ്ററിൽ മത്സരിക്കാനിറങ്ങിയത്. എന്നാൽ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും സാന്ദ്ര ഒന്നാമതായി ഓടിയെത്തി. എറണാകുളം തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് സാന്ദ്ര എ.എസ്. മേഴ്സിക്കുട്ടൻ അക്കാദമിയിലെ പരിശീലനം നേടിയാണ് സാന്ദ്ര കായിക മേളയിലെത്തിയത്. ഭരണങ്ങാനം സ്പോർട്സ് ഹോസ്റ്റലിലെ ആൻറോസ് ടോമി രണ്ടാമതായും (26.33), പെരുമാനൂർ സെന്റ്.തോമസ് ഹൈസ്കൂളിലെ ഗൗരിനന്ദന മൂന്നാമതായും (26.39) 200 മീറ്ററിൽ ഫിനിഷ് ചെയ്തു.
മേഴ്സിക്കുട്ടൻ അക്കാദമിയിലെ പരിശീലനമാണ് തന്റെ നേട്ടത്തിന് കാരണമായതെന്ന് സാന്ദ്ര പറഞ്ഞു. സാന്ദ്രയുടെ നേട്ടത്തിൽ അഭിമാനിക്കുന്നു. തുടർച്ചയായ മത്സരങ്ങൾ മൂലം സാന്ദ്ര കുറച്ച് ക്ഷീണിതയായിരുന്നതിൽ മാത്രമാണ് തനിക്ക് ആശങ്കയുണ്ടായിരുന്നതെന്നും പരിശീലകയും ഒളിമ്പ്യനുമായ മേഴ്സിക്കുട്ടൻ പ്രതികരിച്ചു.
നേരത്തെ ഈ വർഷം നടന്ന എറണാകുളം ജില്ലാ കായികമേളയിലും 200, 400 മീറ്റർ വിഭാഗങ്ങളിൽ സാന്ദ്ര മികച്ച നേട്ടം കൈവരിച്ചിരുന്നു. വിജയവാഡയിൽ നടന്ന ദേശീയ ജൂനിയർ മീറ്റിലും പഞ്ച്കുളയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിലും 800 മീറ്റർ വിഭാഗങ്ങളിലും വഡോദരയിൽ നടന്ന യൂത്ത് മീറ്റിലെ 400 മീറ്ററിലും സാന്ദ്ര വെള്ളി നേടിയിരുന്നു. കഴിഞ്ഞ വർഷം പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ 800,400 മീറ്റർ വിഭാഗങ്ങളിലും ഈ താരം വെള്ളി നേടിയിരുന്നു. നേരത്തെ 800 മീറ്ററിൽ മത്സരിച്ചിരുന്ന സാന്ദ്ര ഇപ്പോൾ 200, 400 മീറ്റർ വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മേഴ്സിക്കുട്ടൻ മാഡമാണ് ഈ നേട്ടത്തിന് കാരണം
സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രിപ്പിൾ സ്വർണം നേടിയ സാന്ദ്ര എന്ന ഭാവിവാഗ്ദാനം കൊട്ടാരക്കര പുലമൺ ചെരുവിള വടക്കേതിൽ അജിമോന്റെയും ഷൈനിയുടെയും മകളാണ്. മകൾ ട്രിപ്പിൾ സ്വർണം നേടുമ്പോൾ അഭിമാനത്തോടെ അതിന് സാക്ഷിയായി പിതാവ് അജിമോനും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുണ്ടായിരുന്നു.
മേഴ്സിക്കുട്ടൻ മാഡത്തിന്റെ പരിശീലനമാണ് തന്റെ മകളുടെ നേട്ടത്തിന് കാരണമെന്ന് അജിമോൻ കേരള കൗമുദിയോട് പ്രതികരിച്ചു. മാഡത്തിന്റെ ചിട്ടയായ പരിശീലനമാണ് സാന്ദ്രക്ക് വിജയം സമ്മാനിച്ചത്. തങ്ങളേക്കാൽ ഉപരിയായി സാന്ദ്രയുടെ പരിശീലനത്തിലും മറ്റുമെല്ലാം നാലു വർഷമായി പ്രയത്നിക്കുന്നത് മേഴ്സിക്കുട്ടനാണെന്ന് അജിമോൻ പറഞ്ഞു. സാന്ദ്രയുടെ അനിയത്തി സ്നേഹ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.