തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിധിയെ വെല്ലുവിളിച്ച് ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ വന്നതും, രഥയാത്രയിലൂടെ അയോദ്ധ്യ മോഡൽ പ്രക്ഷോഭത്തിന് സംഘപരിവാർ നീങ്ങുന്നതും സർക്കാരിന് വെല്ലുവിളികളുയർത്തുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് വ്യാപകമായ അറസ്റ്റിലേക്ക് നീങ്ങിയത്. അതേ സമയം, സർക്കാരിനെ കൂടുതൽ പ്രകോപിപ്പിച്ച് വീഴ്‌ത്താനാണ് സംഘപരിവാർ നേതൃത്വം നോക്കുന്നത്. മണ്ഡലകാലം അടുക്കുമ്പോൾ, ഈ കെണിയിൽ സർക്കാർ വീഴുമോയെന്നത് ആകാംക്ഷ ഉണർത്തുന്നു.വിശ്വാസികൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസും ജാഥയ്ക്കൊരുങ്ങുന്നതോടെ ശബരിമല രാഷ്ട്രീയം തിളച്ചുമറിയും.
ശബരിമല വിധിയിൽ സർക്കാരിന് പങ്കില്ലെന്നും വിധിക്കാധാരമായ ഹർജി നൽകിയത് സംഘപരിവാർ യുവതികളാണെന്നതും, ബി.ജെ.പി, ആർ.എസ്.എസ്, കോൺഗ്രസ് ദേശീയ നേതൃത്വങ്ങളെല്ലാം വിധിയെ ആദ്യം അനുകൂലിച്ചതും സർക്കാർ വിശദീകരിച്ചു. വിശ്വാസിസമൂഹത്തിന്റെ വൈകാരിക പ്രശ്നമെന്ന നിലയിലേക്ക് നീങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വം ആദ്യവും ബി.ജെ.പി നേതൃത്വം പിന്നാലെയും നിലപാട് കടുപ്പിച്ചു.സമരഘട്ടമെത്തിയതോടെ കോൺഗ്രസിനെ പിന്തള്ളി സംഘി നേതൃത്വം കാര്യങ്ങളേറ്റെടുക്കുന്ന നിലയായി. പ്രത്യക്ഷസമരത്തിനില്ലെന്ന നിലപാട് മയപ്പെടുത്തി കാൽനടജാഥയ്ക്ക് കോൺഗ്രസ് തീരുമാനിച്ചത് ഇതോടെയാണ്. എന്നാൽ,തുലാമാസ പൂജാവേളയിൽ സൃഷ്‌ടിച്ച ചലനം മുന്നോട്ട് കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ നീക്കം.അമിത് ഷായുടെ വരവോടെ ബി.ജെ.പി നേതൃത്വം രണ്ടും കല്പിച്ചാണ്. ചേരിപ്പോരിൽ വലയുന്ന സംസ്ഥാന ബി.ജെ.പിയുടെ പുതിയ നായകൻ ശ്രീധരൻപിള്ളയ്‌ക്ക് ഇത് ജീവന്മരണ പോരാട്ടവുമാണ്.
സംഘപരിവാർ നീക്കത്തെ ചെറുക്കേണ്ടത് രാഷ്ട്രീയമായി സി.പി.എമ്മിനും അനിവാര്യമായതോടെയാണ് മുഖ്യമന്ത്രി സമരക്കാർക്കും തന്ത്രി, രാജ കുടുംബങ്ങൾക്കുമെതിരെ ആഞ്ഞടിച്ചത്. ബി.ജെ.പിക്കെതിരായി ഇന്ത്യയിലെ ഏറ്റവും ശക്തമായ ശബ്ദമെന്ന ഖ്യാതി നിലനിറുത്തുക. അതിലൂടെ മതന്യൂനപക്ഷങ്ങളുടെയും, പുരോഗമന നിലപാട് ഉയർത്തിപ്പിടിച്ച് വർഗീയ- ഫാസിസ്റ്റ് വിരുദ്ധ പുരോഗമനവാദികളുടെയും സ്വീകാര്യത ഉറപ്പിക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.
സംഘപരിവാർ രംഗം കീഴടക്കിയെന്ന പ്രതീതിയും കോൺഗ്രസിൽ നിന്നടക്കം ആളുകൾ അവരുടെ സമരനിരയിലേക്ക് നീങ്ങുന്നതും കോൺഗ്രസിന് ക്ഷീണമാകുമെന്നാണ് ഇടത് നിരീക്ഷണം. എന്നാൽ, അക്രമസമരത്തെ തള്ളിപ്പറഞ്ഞും വിശ്വാസി സമൂഹത്തെ കൂടെ നിറുത്തുകയെന്ന വെല്ലുവിളി ഏറ്റെടുത്തും കരുതലോടെ നീങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. അതേ സമയം,ശബരിമല വിഷയത്തിൽ ചില കോൺഗ്രസ് നേതാക്കളുടെ തീവ്രനിലപാടുകൾ ബി.ജെ.പിയുടേതിന് സമാനമാകുന്നുവെന്നത് അവരിൽ ആശയക്കുഴപ്പം വിതയ്ക്കുന്നു. സർക്കാരും സംഘപരിവാറും ചേർന്ന് കേരളത്തെ കലാപഭൂമിയാക്കുന്നുവെന്ന് ആരോപിക്കുന്നതിലൂടെ, ജനപിന്തുണ ഉറപ്പാക്കാമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു.
യോഗത്തിന്റെ നിലപാട് ആശ്വാസം
ശബരിമല വിധിക്കെതിരായ റിവ്യൂ ഹർജികൾ നവംബർ 13ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ടെങ്കിലും ആരും അദ്ഭുതം പ്രതീക്ഷിക്കുന്നില്ല.അതിനെ സമരം കടുപ്പിക്കാനുള്ള ഉപാധിയാക്കാൻ സംഘപരിവാർ കച്ചകെട്ടുന്നു. എൻ.എസ്.എസിന് പുറമെ,എസ്.എൻ.ഡി.പി യോഗത്തെയും ഒപ്പം നിറുത്താനുള്ള തന്ത്രമാണ് അമിത് ഷാ ശിവഗിരിയിൽ നടത്തിയതെങ്കിലും, സമരത്തിന് ഒപ്പമില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയത് സർക്കാരിനും ഇടത് നേതൃത്വത്തിനും ആശ്വാസമായി. എൻ.ഡി.എ വിട്ടുപോയ സി.കെ. ജാനുവും, പുലയർ മഹാസഭയുടെ പുന്നല ശ്രീകുമാറുമെല്ലാം സർക്കാർ നിലപാടിനൊപ്പമാണ്. ശബരിമലയുമായി ബന്ധപ്പെട്ട അറസ്റ്റ് കടുപ്പിച്ചതോടെ, എൻ.എസ്.എസ് നേതൃത്വം സർക്കാരിനെതിരെ തീവ്രനിലപാടെടുത്തത് സി.പി.എം നേതൃത്വം കരുതലോടെയാണ് കാണുന്നത്. അറസ്റ്റ് നാമജപത്തിൽ പങ്കെടുത്ത സ്ത്രീകളിലേക്കും നീങ്ങിയത് വിനയായോയെന്ന ചിന്ത ബലപ്പെടുന്നതും ഇവിടെയാണ്.