protest

തിരുവനന്തപുരം: ശബരിമല വിശ്വാസികളുടേതായി നിലനിറുത്തണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ കാസർകോട് നിന്നു ശബരിമലയിലേക്ക് രഥയാത്ര നടത്തും. നവംബർ എട്ടു മുതൽ 13 വരെയാണിത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീറീധരൻ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും നയിക്കും. മധൂർ ക്ഷേത്രാങ്കണത്തിൽ നിന്നാണ് തുടക്കമെന്ന് പി.എസ്. ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു.

30ന് ഡി.ജി.പി ഓഫീസിന് മുന്നിൽ രാവിലെ 10 മുതൽ ഉപവാസസമരം നടത്തും. മറ്റ് ജില്ലകളിൽ എസ്.പി ഓഫീസിലേക്കാണ് മാർച്ച് .നവംബർ 2ന് ഓരോ നിയമസഭാ മണ്ഡലത്തിലും ശബരിമലയ്ക്കായി സ്വയംസമർപ്പിക്കുമെന്ന അർപ്പണപ്രതിജ്ഞ നടക്കും. നട തുറക്കുന്ന 5, 6 തീയതികളിൽ വിശ്വാസികളുടെ സമരത്തിന് ബി.ജെ. പി പിന്തുണ നൽകും.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിൽ. ശബരിമലയിലെ മുറികൾ തീർത്ഥാടകർക്ക് നൽകില്ലെന്ന നിലപാട് ശരിയല്ല. പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നോക്കിയാൽ നിയമപരമായി നേരിടും. ശബരിമലയിൽ വാഹനം തകർക്കുകയും അതിക്രമം നടത്തുകയും ചെയ്ത പൊലീസുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ന്യൂനപക്ഷങ്ങളുടെ വിശ്വാസം പ്രതീക്ഷിച്ച് സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് കനത്തവില നൽകേണ്ടിവരും. രഥയാത്രയ്ക്കിടെ ന്യൂനപക്ഷ നേതാക്കളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും.
സമരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് പ്രതിപക്ഷനേതാവ് മാപ്പുപറയണം. രാഹുൽ ഗാന്ധി വേണോ, രാഹുൽ ഈശ്വർ വേണോ എന്ന് ചോദിച്ചത് കോൺഗ്രസ് യുവ എംഎൽഎയാണ്. രാഹുൽ ഈശ്വറിന്റെ അറസ്റ്റിനെ അപലപിക്കുന്നു. രാഹുൽ ബി.ജെ.പിയോട് ബന്ധമുള്ള ആളല്ല. പ്രക്ഷോഭവുമായി ബന്ധപ്പെടുന്നവരെ അടിച്ചമർത്താനുള്ള നീക്കം അപലപനീയമാണ്. കഴിഞ്ഞ ദിവസം നാദാപുരത്ത് അറസ്റ്റിലായ ഒരാൾ എന്റെ പേഴ്‌സണൽ സ്റ്റാഫാണെന്ന് സി.പി. എം പ്രചരിപ്പിച്ചു. അങ്ങനെയൊരാളെ അറിയില്ല. സി.പി.എം ഒളിയുദ്ധം നടത്തുകയാണ്. ഞാൻ കൊടുത്ത കേസിൽ സി.പി.എം സംസ്ഥാനസമിതിക്കും ദേശാഭിമാനിക്കും മാപ്പെഴുതി നൽകേണ്ടി വന്നത് മറന്നുപോകരുതെന്നും ശ്രീധരൻപിള്ള പറഞ്ഞു.