ശിവഗിരി: ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പിയോഗവും ബി.ജെ.പിയും യോജിച്ച് പ്രവർത്തിക്കുമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പരാമർശം അദ്ദേഹത്തിന് നാവു പിഴച്ചതാവാമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബി.ജെ.പിയും ബി.ഡി.ജെ.എസും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് മനസിൽ കണ്ടുകൊണ്ടായിരിക്കാം ഇങ്ങനെ പറഞ്ഞത്.കാരണം ഒന്നിച്ചുള്ള പ്രവർത്തനം ഇവിടെ ഇല്ലല്ലോ.എൻ.ഡി.എയ്ക്കും കാര്യമായ പ്രവർത്തനമില്ല.എസ്.എൻ.ഡി.പി യോഗത്തിന് ശബരിമല വിഷയത്തിൽ വ്യക്തമായ നിലപാടുണ്ട്.അതിൽനിന്ന് മാറാൻ സാധിക്കില്ല. യോഗം വിശ്വാസികൾക്കൊപ്പമാണ്.എന്നാൽ യോഗം പ്രവർത്തകർ തെരുവിലിറങ്ങിയുള്ള ഒരു സമരത്തിനും പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആ തീരുമാനമെടുത്തത് താൻ മാത്രമല്ല. ഉത്തരവാദപ്പെട്ട ഭാരവാഹികൾ കൂട്ടായി എടുത്ത തീരുമാനമാണ്. അതിൽനിന്ന് മാറേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ശിവഗിരിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.