തിരുവനന്തപുരം: അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കായിമേളയിലെ വേഗമേറിയ താരങ്ങളായ ആൻസി സോജനും അഭിനവും ഇന്നലെ 200 മീറ്ററുകളിലും സ്വർണം നേടി . സീനിയർ വിഭാഗം പെൺകുട്ടികളിൽ ആൻസി സോജൻ വ്യക്തിഗത ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്താണ് അഭിനവ്.
ട്രാക്കിലെ വാശിയാണ് രണ്ടു പേർക്കും ഇരട്ട സ്വർണം സമ്മാനിച്ചത് . തിരുവനന്തപുരം സായിയുടെ താരമാണ് അഭിനവ്.സി. കണ്ണൂർ ഇരിക്കൂർ ഊരത്തൂർ സ്വദേശിയായ രത്നാകരൻ, റീഷ ദമ്പതികളുടെ മകനായ അഭിനവ് തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥിയാണ്. പീസാണ് പരിശീലകൻ. തിരുവനന്തപുരം സായിയുടെ ബിജിത്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 200 മീറ്ററിൽ അഭിനവ് (22.10) സ്വർണം കരസ്ഥമാക്കിയത്.
തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ളസ്‌വൺ വിദ്യാർത്ഥിനിയാണ് ആൻസി സോജൻ.നാട്ടിക ഇടപ്പിള്ളിയിൽ ഓട്ടോ ഡ്രൈവറായ സോജൻ, ജാൻസി ദമ്പതികളുടെ മകളാണ്. കണ്ണനാണ് പരിശീലകൻ. കോഴിക്കോടിന്റെ അപർണ റോയി പിന്തള്ളിയായിരുന്നു ആൻസിയുടെ (25.48) നേട്ടം.