sandheepanantha-giri

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ചകേസിലെ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചില്ല. സമീപത്തെ സി.സി.ടി.വി ദ്യശ്യങ്ങളിലും നാട്ടുകാരുടെ മൊഴികളിലും യാതൊരു സൂചനയും കണ്ടെത്താൻ കഴിഞ്ഞില്ല.

ആശ്രമത്തിൽ നിന്നു രണ്ടര കിലോമീറ്റർ വരെയുള്ള സി.സി.ടി.വി ദ്യശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഈ ഭാഗത്തെ ടവറുകളുടെ പരിധിയിൽ വന്ന മൊബൈൽ സന്ദേശങ്ങളും ഫോൺകാളുകളും പരിശോധിക്കും. പ്രധാന റോഡിൽ നിന്നു ആശ്രമത്തിലേക്കുള്ള വഴിയിലെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചുവെങ്കിലും സൂചന ലഭിച്ചില്ല.ഫോറൻസിക് റിപ്പോർട്ട് ഇന്നു ലഭിച്ചേക്കും.

ആശ്രമവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നു ഡി.സി.പി ആദിത്യ ആശ്രമത്തിൽ എത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ വിശദമായ മൊഴിരേഖപ്പെടുത്തും.

25പേരെ പൊലീസ്‌ചോദ്യം ചെയ്തു വിട്ടയച്ചു. ആശ്രമത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനെയും മകനെയും ഇതുമായി ബന്ധമില്ലെന്നു ബോധ്യപ്പെട്ടതിനാൽ വിട്ടയച്ചിരുന്നു.ശനിയാഴ്ച പുലർച്ചെ 2.30 നായിരുന്നു കുണ്ടമൺകടവിലെ സാളഗ്രാമം ആശ്രമത്തിലെ രണ്ടു കാറുകളും ഒരു സ്‌കൂട്ടറും കത്തിച്ചത്. സ്വാമി സന്ദീപാനന്ദഗിരി ആശ്രമത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം