1244

നെയ്യാ​റ്റിൻകര: ജുവലറികളിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ റിമാൻഡിലായ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഡിണ്ടുക്കൽ ആവാരംപെട്ടി ഗാരാമത്തിൽ സെൽവി (47), പാണ്ടിയമ്മ (50) എന്നിവരെയാണ് നെയ്യാ​റ്റിൻകര പൊലീസ് കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുന്നത്. വ്യാഴാഴ്ച പകൽ കൃഷ്ണൻകോവിലിന് സമീപത്തെ ജുവലറിയിൽ ആഭരണങ്ങൽ മോഷ്ടിക്കാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. കഴിഞ്ഞ മാസം 23 ന് നെയ്യാ​റ്റിൻകര ജംഗ്ഷനിലെ മറ്റൊരു ജുവലറിയിൽ നടത്തിയ മോഷണമാണ് ഇവരെ കുടുക്കിയത്. സ്​റ്റോക്ക് പരിശോധിച്ചപ്പോൾ ഒരു പവൻ വീതം തൂക്കമുളള നാലു വളകൾ കുറവുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് സി.സി ടിവി കാമറ പരിശോധിച്ച് ഇവരുടെ ചിത്രം നെയ്യാ​റ്റിൻകര പൊലീസിൽ ഏല്പിക്കുകയായിരുന്നു. പൊലീസ് ഇവരുടെ ചിത്രം നെയ്യാ​റ്റിൻകരയിലെ സ്വർണക്കടകളിൽ ഏല്പിച്ചു. തുടർന്ന് വ്യാഴാഴ്ച പകൽ ഇവർ കൃഷ്ണൻകോവിൽ ജംഗ്ഷനിലെ സ്വർണ കടയിലെത്തുകയായിരുന്നു. തുടർന്ന് ഇവരെ തിരിച്ചരിഞ്ഞ കടയുടമയും ജീവനക്കാരും നാട്ടുകാരും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. പത്തിലേറെ അംഗങ്ങളുള്ള സംഘമാണ് ഇവരുടെ പിന്നിലുള്ളതെന്നും മോഷ്ടിച്ച ആഭരണങ്ങൾ ഉടൻ തന്നെ സംഘാംഗങ്ങൾക്ക് കൈമാറുമെന്നും പൊലീസ് പറഞ്ഞു. തുടരന്വേഷണത്തിൽ ഇവർ രണ്ടു മാസം മുൻപ് വെളളായണിയിലും കവർച്ച നടത്തിയതായി കണ്ടെത്തി. മറ്റു സ്ഥലങ്ങളിൽ ഈ സംഘം മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.