state-school-meet
STATE SCHOOL MEET,

സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ

ഒന്നാംസ്ഥാനം നിലനിറുത്തി എറണാകുളം ജില്ല

മണിപ്പൂരി താരങ്ങളുടെ കരുത്തിൽ സെന്റ്

ജോർജസ് ബെസ്റ്റ് സ്കൂൾ പട്ടം തിരിച്ചുപിടിച്ചു., മാർബേസിൽ മൂന്നാമത്

തിരുവനന്തപുരം : സൂര്യൻ കത്തിയെരിഞ്ഞ മൂന്ന് പകലുകൾ ട്രാക്കിൽ പടപൊരുതിയ കുരുന്നുകൾ അങ്കം ജയിച്ചെത്തിയപ്പോൾ നൽകാൻ കിരീടമുണ്ടായിരുന്നില്ല. പ്രളയം കവർന്ന നാടിന് ചൊരിയാൻ അനുഗ്രഹാശിസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സാമ്പത്തിക പ്രതിസന്ധിമൂലം മൂന്നുദിനമായി വെട്ടിച്ചുരുക്കിയ മേളയിൽ ഒരിക്കൽകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കി എറണാകുളം ജില്ല കായിക കരുത്തിന്റെ കലവറയാണെന്ന് തെളിയിച്ചു. 30 സ്വർണവും 26 വെള്ളിയും 20 വെങ്കലവുമടക്കം 253 പോയിന്റ് നേടിയാണ് എറണാകുളം കൗമാരകായിക രാജാക്കന്മാരായത്. രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 24 സ്വർണവും 16 വെള്ളിയും 13 വെങ്കലവും അടക്കം 196 പോയിന്റേ നേടാനായുള്ളൂ. ആതിഥേയരായ തിരുവനന്തപുരം ജില്ല 10 സ്വർണമടക്കം 101 പോയിന്റു നേടി മൂന്നാം സ്ഥാനത്തെത്തി മികവ് കാട്ടി.

അയൽ വൈരികളായ മാർബേസിലിൽനിന്ന് കോതമംഗലം സെന്റ് ജോർജസ് ബെസ്റ്റ് സ്കൂൾ പട്ടം തിരിച്ചുപിടിച്ചതാണ് ഇൗ മേളയുടെ ഹൈലൈറ്റ്. എട്ട് മണിപൂരി താരങ്ങളുമായിറങ്ങിയ സെന്റ് ജോർജസ് 10 സ്വർണവും ഒൻപത് വെള്ളിയും ആറ് വെങ്കലവുമടക്കം 81 പോയിന്റാണ് വാരിക്കൂട്ടിയത്. ഇൗ വർഷം സ്കൂളിൽനിന്ന് വിരമിക്കുന്ന കായികാദ്ധ്യാപകൻ രാജുപോളിന് തന്റെ ശിഷ്യരുടെ ആഹ്ളാദത്തോളിലേറി സ്കൂൾ മീറ്റിനോട് യാത്ര പറയാനും കഴിഞ്ഞു. നിലവിലെ ചാമ്പ്യൻമാരായിരുന്ന മാർബേസിലിനെ 12 പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് കല്ലടി കുമരം പുത്തൂർ ബെസ്റ്റ് സ്കൂൾ പട്ടികയിൽ രണ്ടാമതെത്തി. മാർബേസിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസ്, എച്ച്.എസ് പറളി, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളുകൾ യഥാക്രമം നാലുമുതൽ ആറുവരെ സ്ഥാനങ്ങളിലെത്തി.

ഏഴ് റെക്കാഡുകൾ മാത്രം

മൂന്നുദിവസമായി ഒാടിപ്പിടിച്ചുനടത്തിയ മീറ്റിൽ പിറന്നത് ഏഴ് റെക്കാഡുകൾ മാത്രം. കടുത്ത ചൂടിൽ തുടർച്ചയായി മത്സരങ്ങൾ നടത്തിയതും ഉപജില്ലമുതലുള്ള മത്സരങ്ങൾക്കിടയിൽ വേണ്ടത്ര വിശ്രമം ലഭിക്കാത്തതും മികച്ച പ്രകടനം നടത്തുന്നതിൽനിന്ന് കുട്ടികളെ തടയുകയായിരുന്നു. ആദ്യ രണ്ട് ദിനങ്ങളിലും രണ്ടുവീതം റെക്കാഡുകളാണ് പിറന്നത്. ഇന്നലെ മൂന്ന് റെക്കാഡുകൾ പിറന്നു. സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്ററിൽ കോതമംഗലം സെന്റ് ജോർജസിന്റെ ചിങ്കിസ് ഖാൻ, സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾജമ്പിൽ മുണ്ടൂർ എച്ച്.എസിലെ അഖിൽ കുമാർ .സി, സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ കല്ലടി കുമരം പുത്തൂർ സ്കൂളിലെ എം. ജിഷ്ണു എന്നിവരാണ് ഇന്നലെ മീറ്റ് റെക്കാഡുകൾ തിരുത്തിയെഴുതിയത്.

ഒാവറാൾ പോയിന്റ് നില

(ജില്ല, സ്വർണം, വെള്ളി, വെങ്കലം, പോയിന്റ് ക്രമത്തിൽ)

എറണാകുളം 30-26-20-253

പാലക്കാട് 24-16-13-196

തിരുവനന്തപുരം 10-11-10-101

കോഴിക്കോട് 8-12-10-100

തൃശൂർ 8-9-6-74

കോട്ടയം 3-5-7-50

മലപ്പുറം 1-4-7-29

ആലപ്പുഴ 4-0-8-28

കൊല്ലം 3-0-3-24

കണ്ണൂർ 2-3-5-24

ഇടുക്കി 1-2-4-18

പത്തനംതിട്ട 0-4-0-12

കാസർകോട് 1-1-0-8

വയനാട് 0-0-1-1.

ബെസ്റ്റ് സ്കൂൾ പോയിന്റ് നില

സെന്റ് ജോർജ്സ് 10-9-6-81

കല്ലടി കുമരം പുത്തൂർ 10-3-3-62

മാർബേസിൽ 5-7-4-50

നാട്ടിക ഫിഷറീസ് 6-4-3-45

എച്ച്.എസ്. പറളി 3-5-2-32

പുല്ലൂരാംപാറ 2-4-6-28

തേവര എസ്. എച്ച് 5-0-9-25

വ്യക്തിഗത ചാമ്പ്യൻമാർ

സബ് ജൂനിയർ ബോയ്സ്

ചിങ്കിസ് ഖാൻ -സെന്റ് ജോർജസ്

200 മീ., 600 മീ, 400 സ്വർണം

സബ് ജൂനിയർ ഗേൾസ്

സ്നേഹ ജേക്കബ് -സായ് കൊല്ലം

10 മീറ്റർ, ലോംഗ്ജമ്പ് സ്വർണം

ജൂനിയർ ബോയ്സ്

അബ്ഭുറസാഖ് -മാത്തൂർ എച്ച്.എസ്.എസ്

400 മീറ്റർ, 200 മീറ്റർ സ്വർണം

100 മീറ്റർ വെള്ളി

ജൂനിയർ ഗേൾസ്

സാന്ദ്ര എ.എസ്.-തേവര എച്ച്.എസ്

100, 200, 400 സ്വർണം

സീനിയർ ബോയ്സ്

ആദർശ് ഗോപി - മാർബേസിൽ

1500, 800, 3000 സ്വർണം

സീനിയർ ഗേൾസ്

ആൻസി സോജൻ -നാട്ടിക ഫിഷറീസ്

100, 200 സ്വർണം, ലോംഗ്ജമ്പ് വെള്ളി