തിരുവനന്തപുരം: ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ഉയരങ്ങൾ ചാടിക്കടന്ന് റെക്കാഡ് നേടിയിരിക്കുകയാണ് ജിഷ്ണ.എം. പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംപിൽ കുറിച്ച 1.71 മീറ്റർ എന്ന റെക്കാഡാണ് 1.73 മീറ്റർ ചാടി ജിഷ്ണ മറികടന്നത്. കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജിഷ്ണ. പാലക്കാട് തേവർമണി പാറയ്ക്കൽ വീട്ടിൽ കൂലിപ്പണിക്കാരനായ മോഹനൻ-രമ ദമ്പതികളുടെ മകളാണ്.
വർഷങ്ങളായി തറവാട്ടുവക മൂന്ന് സെന്റ് സ്ഥലത്തായിരുന്നു ജിഷ്ണയുടെ കുടുംബം താമസിച്ചിരുന്നത്. നാല് മാസം മുമ്പാണ് സ്വന്തം വീടെന്ന സ്വപ്നസാഷാത്കാരത്തിന് അടിത്തറ പാകിയത്. 'അക്ഷരവീട്' പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ പണികൾ പുരോഗമിച്ചു വരികയാണ്. കാലവർഷക്കെടുതി കനത്തതു മൂലമാണ് വീടുപണി പൂർത്തിയാകാതിരുന്നത്. നിലവിൽ വാടകവീട്ടിലാണ് നാലുപേരടങ്ങുന്ന കുടുംബത്തിന്റെ താമസം. മൂന്ന് സെന്റിലെ പരിമിതമായ സ്ഥലത്ത് വീടൊരുങ്ങുമ്പോഴും കേരളത്തിന്റെ ഭാവി കായിക വാഗ്ദാനത്തിന്റെ സ്വപ്നങ്ങൾക്ക് പരിമിതികളില്ല.
2016ൽ ജൂനിയർ വിഭാഗത്തിലും റെക്കാഡിട്ടിരുന്നു ഈ പാലക്കാടുകാരി. നാല് വർഷമായി കല്ലടി എച്ച്.എസിൽ രാമചന്ദ്രന്റെ കീഴിലാണ് പരിശീലനം. ഇത്തവണ 6 ജംപ് ഇനങ്ങളിൽ മത്സരിച്ച കല്ലടി സ്കൂൾ മൂന്ന് സ്വർണമടക്കം 6 മെഡലുകൾ നേടി.