കിളിമാനൂർ : ചിറ്റാറിന് കുറുകെ അക്കരെയിക്കരെ കടക്കാനും, പ്രദേശവാസികൾക്ക് നദിയിലിറങ്ങി കുളിക്കാനുമായി പതിറ്റാണ്ടുകൾക്ക് മുൻപ് പഞ്ചായത്ത് നിർമ്മിച്ച റാമ്പ് തകർന്ന നിലയിൽ. പുഴ മീൻപിടിക്കാനെത്തുന്നവർ കല്ലിളക്കി കളഞ്ഞതോടെയാണ് റാമ്പ് നശിച്ചത്. തകർന്ന റാമ്പിലൂടെയുള്ള യാത്ര അപകടമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
പഴയ കുന്നുമ്മൽ പഞ്ചായത്തിലെ 14-ാം വാർഡിലാണ് റാമ്പ് സ്ഥിതി ചെയ്യുന്നത്. കിളിമാനൂർ ടൗണിലൂടെ ഒഴുകുന്ന ചിറ്റാറിൽ, കുന്നുമ്മൽ ഭാഗത്തുള്ളവർക്ക് ചിറ്റാർ മുറിച്ചുകടക്കാനാണ് പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങൾ ചിലവിട്ട് റാമ്പ് നിർമ്മിച്ചത്. അക്കാലത്ത് കർഷകർക്ക് ധാരാളം പശുക്കളും നില മുഴുവാനായി കാളകളുമുണ്ടായിരുന്നു.ഇവയെ കുളിപ്പിക്കാൻ ചിറ്റാറിലെത്തിച്ചിരുന്നത് റാമ്പ് വഴിയായിരുന്നു. പുഴ മീനിനെ പിടിക്കാനെത്തുന്നവർ കല്ലുകൾ ഒന്നൊന്നായി ഇളക്കി മാറ്റിയതോടെയാണ് റാമ്പ് തകർന്നത്. കരിങ്കല്ലിൽ തീർത്ത മുകൾ ഭാഗം മാത്രമാണ് നിലവിലുള്ളത്. ഇതിന് മുകളിലൂടെ കടന്നുപോകുന്ന യാത്രക്കാരും കടവിൽ കുളിപ്പിക്കാൻ കൊണ്ടുവരുന്ന കന്നുകാലികളും അപകട ഭീഷണിയിലാണ്. തകർന്ന റാമ്പ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിലും ഇറിഗേഷൻ വകുപ്പിലുമൊക്കെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.