ആലുവ: ആറ് ലക്ഷം രൂപയുടെ വ്യാജ ബീഡി പിടികൂടിയ കേസിൽ മൊത്ത വ്യാപാരിയുടെ ഡ്രൈവറിൽ മാത്രം കേസ് ഒതുക്കുന്നതായി ആക്ഷേപം. ദക്ഷിണേന്ത്യയിലെ പുകയില വ്യാപാരിയായ തമിഴ്‌നാട് സ്വദേശിക്കായി എത്തിച്ച അഞ്ച് ബണ്ടിൽ വ്യാജ ബീഡിയാണ് ശനിയാഴ്ച ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഷാഡോ പൊലീസും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ബീഡി കയറ്റാൻ പിക്കപ്പ് വാഹനവുമായെത്തിയ യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എടയപ്പുറം സ്വദേശി നജീബിന്റെ പേരിൽ മാത്രമാണ് ആലുവ പൊലീസ് കേസെടുത്തത്.
വ്യാജ ബീഡി വില്പനയുടെ കേരളത്തിലെ യഥാർത്ഥ ഇടപാടുകാരൻ വർഷങ്ങളായി ഹാൻസും പാൻപരാഗും ഉൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ ദക്ഷിണേന്ത്യയിലെ മൊത്ത വിതരണക്കാരനാണ്. പലവട്ടം ഇയാളും മകനും ഉൾപ്പെടെ പൊലീസ് പിടിയിലായിട്ടുണ്ട്. ഒന്നര വർഷത്തോളമായി യൂത്ത് കോൺഗ്രസ് നേതാവ് ഇയാളുടെ ഡ്രൈവറും മുഖ്യസഹായിയുമാണ്. മൊത്തവ്യാപാരിയെ വ്യാജ ബീഡി കേസിൽ നിന്നൊഴിവാക്കുന്ന പൊലീസ് നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ നിർമ്മിക്കുന്ന അജിത് ബീഡിയുടെ അഞ്ച് വ്യാജ ബണ്ടിലുകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ആകെയുണ്ടായിരുന്ന 20 ബണ്ടിൽ ബീഡിയിൽ 15ഉം സോന എന്ന പേരിലുള്ളതായിരുന്നു. മറ്റുള്ളവയിൽ സോനയുടെ കവറുകളാണെങ്കിലും അകത്ത് അജിത് ബീഡിയുടെ വ്യാജനായിരുന്നു. അജിത് ബീഡി കമ്പനിയുടെ പവർ ഒഫ് അറ്റോണിയായ ആലുവ തായിക്കാട്ടുകര സ്വദേശി അബ്ദുൾ റഹ്മാനാണ് ഇതുസംബന്ധിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വഞ്ചന, ട്രേഡ് മാർക്ക് ലംഘനം എന്നീ കുറ്റങ്ങളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ ഗ്രൂപ്പ് പോരിന്റെ തുടർച്ചയായി എ വിരുദ്ധരായ ചിലരാണ് വ്യാജ ബീഡി കടത്ത് വിവരം പരാതിക്കാരനും പൊലീസിനും കൈമാറിയതെന്നും പറയുന്നു. അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ പേരിൽ 31ന് നടക്കുന്ന വാഹനജാഥയുടെ മുഖ്യസംഘാടകനായി നജീബിന്റെ ചിത്രം അടങ്ങിയ ഫ്ളക്സ് ബോർഡുകൾ ഇറങ്ങിയിട്ടുണ്ട്. അതേസമയം ആലുവയിൽ പിടികൂടിയ വ്യാജ ബീഡി കഞ്ചാവ് ബീഡിയാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. എക്സൈസിന്റെ സഹായത്തോടെ വ്യാജനെ പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു.