ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിന് 50.78 കോടി രൂപയുടെ വികസന പ്രവർത്തനത്തിന് സർക്കാർ അനുമതിയായി. കേരളത്തിലെ തിരഞ്ഞെടുത്ത 5 താലൂക്ക് ആശുപത്രികളെയാണ് മാതൃകാ ജില്ലാ ആശുപത്രി പദവിയിലേയ്ക്കുയർത്തുന്നത്. ഇതിൽ പ്രഥമ പരിഗണന ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കാണ്. ആധുനിക സൗകര്യങ്ങളോട് കൂടിയ വലിയ മാറ്റമാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്നത്.
19.22 കോടിയുടെ ഉപകരണങ്ങളാണ് ആശുപത്രിയിൽ സ്ഥാപിക്കുക. കിഫ്ബിയുടെ ഫണ്ടുപയോഗിച്ചാണ് ആശുപത്രിയുടെ വികസനം സാദ്ധ്യമാക്കുന്നത്. പദ്ധതിയുടെ റിപ്പോർട്ട് ഇതിനോടകം തന്നെ കിഫ്ബിക്ക് ലഭിച്ചു കഴിഞ്ഞു. ഇനി ആശുപത്രിക്ക് ആവശ്യമായ കെട്ടിടങ്ങളാണ് ഒരുക്കേണ്ടത്. പുതിയ കെട്ടിടം നിർമിക്കുന്നതും അനുബന്ധ നിർമാണം നടത്തുന്നതും വിശദമായ പ്രോജക്ട് റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് . ഇതിനായി കിഫ്ബിയുടെ അംഗീകാരമുള്ള സ്ഥാപനമായ ഇൻകലിനെ ഏല്പിച്ചു. ഇൻകലിന്റെ വിദഗ്ദ്ധ സമിതി സ്ഥലം സന്ദർശിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. ഈ പ്രോജക്ട് സർക്കാർ അംഗീകരിച്ചതോടെയാണ് രൂപ അനുവദിച്ചത്.
ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന ചിറയിൻകീഴ് ആശുപത്രിക്ക് പരിമിതമായ സൗകര്യങ്ങളാണുള്ളത്. അതുകൊണ്ട് ചിറയിൻകീഴിന്റെ വികസനങ്ങളിൽ മുഖ്യപ്രധാന്യം നൽകിയിരുന്നതും ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കാണ്. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, എച്ച്.എം.സി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി സർക്കാരിന് കൺസപ്റ്റ് പേപ്പർ സമർപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. താലൂക്ക് ആശുപത്രിയിലെ പോരായ്മകൾ ഓരോന്നായി സർക്കാരിലും ആരോഗ്യവകുപ്പിലും അവതരിപ്പിച്ച് പദ്ധതിക്ക് അംഗീകാരം നേടാനുള്ള ശ്രമവും നടത്തി. തുടർന്ന് പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് കേരള സ്റ്റേറ്റ് ബിൽഡിംഗ് കോർപ്പറേഷന് സർക്കാർ നിർദ്ദേശം നൽകി. കോർപ്പറേഷൻ എൻ.ഒ.സി നൽകിയതോടെ പദ്ധതിക്ക് സാദ്ധ്യത തെളിയുകയായിരുന്നു.