തിരുവനന്തപുരം: മതപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് തടയാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി മുൻകൈയെടുത്താൽ ശബരിമലപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാം. അല്ലാതെ അമിത്ഷായെ കൊണ്ടുവന്ന് വാചകമടിപ്പിക്കുകയല്ല വേണ്ടത്. ശബരിമലവിധിയുടെ മറവിൽ മറ്റ് മതങ്ങളെയും പിടിക്കാനാണ് മോദി നോക്കുന്നത്. ഇത് വിശ്വാസികൾ തിരിച്ചറിയണം. മന്ത്രിമാരെ ചുമതലയേല്പിച്ചിരിക്കുന്നത് ആളുകളുടെ അടിവസ്ത്രം നോക്കാനല്ല. ഒരു മന്ത്രി പറയുന്നത് പ്രതിപക്ഷനേതാവിന്റെ മുണ്ടിനടിയിൽ കാക്കിനിക്കറെന്നാണ്. മറ്റൊരു മന്ത്രി പൂജാരിമാർ അടിവസ്ത്രമിടാറില്ലെന്നും പറയുന്നു. ഞങ്ങൾക്കിതിനൊക്കെ മറുപടിയുണ്ട്. അന്തരീക്ഷത്തെ മലീമസമാക്കേണ്ടെന്നതിനാൽ പറയാത്തതാണ്.
കോൺഗ്രസിനെ സംഘപരിവാറാക്കാൻ പിണറായി ശ്രമിക്കുന്നത് പത്ത് വോട്ട് കിട്ടുമെന്ന് കരുതിയാണ്. അത് നടക്കില്ല. മതങ്ങളെ തമ്മിൽ തല്ലിച്ച് തിരഞ്ഞെടുപ്പിൽ വോട്ട് നേടാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചത് ആരും മറന്നിട്ടില്ല. 86ൽ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം മുഖ്യമന്ത്രി കരുണാകരൻ നിരോധിച്ചപ്പോൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന് സമരം ചെയ്തയാളാണ് പിണറായി വിജയൻ.
സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിടുമെന്നുള്ളത് അമിത്ഷായുടെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ്. 356-ാം വകുപ്പനുസരിച്ച് പിരിച്ചുവിടണമെങ്കിൽ ചില കടമ്പകളുണ്ട്. ലോക്‌സഭയും രാജ്യസഭയും അംഗീകരിക്കണം. രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സാധിക്കില്ല. രണ്ട് വർഷം കൂടി കഴിഞ്ഞാൽ ഈ സർക്കാരിനെ ജനങ്ങൾ താഴെയിറക്കിക്കൊള്ളുമെന്നും മുരളീധരൻ പറഞ്ഞു.