കിളിമാനൂർ: സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ശില്പാ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റും, സ്ട്രീറ്റ് ലൈറ്റുകളുമില്ലാതെ അപകടകെണിയാകുന്നു. ബൈപാസ് റോഡും, ഞാവേലി കോണം റോഡും, എം.എൽ.എ റോഡും, കിളിമാനൂർ, നിലമേൽ ഭാഗത്ത് നിന്നുമായി അഞ്ച് റോഡുകളും സന്ധിക്കുന്ന ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാന പാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ പതിവാകുന്ന കാരേറ്റ് - തട്ടത്തുമല റോഡിന് ഇടയിലുള്ള ഇവിടെ തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങളായി.
സന്ധ്യ ആകുന്നതോടെ തൊട്ടടുത്തുള്ള സ്വകാര്യ മാർക്കറ്റിലെയും, സമീപത്തുള്ള ബാറിലെയും തിരക്കുകൾ കൂടിയാകുമ്പോൾ ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടും. രാത്രി കാലങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ട്രാഫിക് ഹോം ഗാർഡുകൾ റിഫ്ലക്ടർ ബോർഡുകളോ, ടോർച്ചുമായോ നിൽക്കുന്നതും പതിവ് കാഴ്ചയാണ്. സംസ്ഥാന പാതയിൽ വീതി കൂടിയ ഇവിടെ യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ മണിക്കൂറുകളാണ് കാത്തു നിൽക്കേണ്ടി വരുന്നത്. തെരുവ് വിളക്കുകൾ ഇല്ലാത്ത ഇവിടെ രാത്രി കാലങ്ങളിൽ മദ്യപന്മാർ റോഡിൽ കിടന്നാലും കാണാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ചീറി പാഞ്ഞു വരുന്ന വാഹനങ്ങൾ ഇവരുടെ ജീവന് വരെ അപായം വരുത്തിയേക്കാം എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. വ്യത്യസ്ത അപകടങ്ങളിൽ നിരവധി പേരുടെ ജീവനും, അപകടവും വരുത്തിയിട്ടുള്ള ഇവിടെ അടിയന്തരമായി സിഗ്നൽ ലൈറ്റും തെരുവുവിളക്കുകളും സ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.