തിരുവനന്തപുരം:ആവശ്യത്തിന് പഠനസൗകര്യവും അദ്ധ്യാപകരും രോഗികളുമില്ലാത്തതിനാൽ മെഡിക്കൽ കൗൺസിലും ആരോഗ്യസർവകലാശാലയും പ്രവേശനം തടഞ്ഞിട്ടും, 550 എം.ബി.ബി.എസ് സീറ്റുകൾക്കായുള്ള സർക്കാരിന്റെ പിടിവാശിയാണ് നാല് മെഡിക്കൽകോളേജുകളിലെ വിദ്യാർത്ഥികളെ പെരുവഴിയിലാക്കിയത്. കുട്ടികളുടെ പഠനാവസരം നഷ്ടമാകാതിരിക്കാൻ കോളേജുകൾക്ക് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ്, ഹൈക്കോടതി പ്രവേശനത്തിന് അനുകൂലഉത്തരവ് നൽകിയത്. എന്നിട്ടും മെഡിക്കൽ കൗൺസിൽ അനുമതിയില്ലാത്തതിനാൽ ആരോഗ്യസർവകലാശാല നാലുകോളേജുകൾക്കും അഫിലിയേഷൻ നൽകിയില്ല.
'കുട്ടികളുടെ ഭാവി' തുറുപ്പുചീട്ടാക്കി അംഗീകാരം തിരിച്ചുപിടിക്കാൻ വർഷങ്ങളായി സ്വാശ്രയകോളേജുകൾ പയറ്റുന്ന അടവ് സർക്കാർ തിരിച്ചറിഞ്ഞില്ല. 550സീറ്റുകൾ കാട്ടി സ്വാശ്രയലോബി സർക്കാരിനെ ചതിക്കുഴിയിൽ വീഴ്ത്തുകയായിരുന്നു. അങ്ങനെ സൗകര്യങ്ങളില്ലാത്ത കോളേജുകളിൽ പ്രവേശനം അനുവദിക്കണമെന്ന സത്യവാങ്മൂലം സർക്കാർ കോടതിയിൽ കൊടുത്തു. നാലുകോളേജുകളെ ഉൾപ്പെടുത്തി സ്പോട്ട്അഡ്‌മിഷൻ തുടങ്ങിയെങ്കിലും സുപ്രീംകോടതി, പ്രവേശനം സ്റ്റേ ചെയ്തതിനെത്തുടർന്ന് റദ്ദാക്കേണ്ടിവന്നു. സർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങി ആരോഗ്യസർവകലാശാല രണ്ടാമത് ഈ കോളേജുകളിൽ പരിശോധന നടത്തി. രണ്ടുകോളേജുകൾക്ക് അനുകൂലമായിരുന്ന ഈ റിപ്പോർട്ട് സർക്കാർ സുപ്രീംകോടതിയിൽ ഹാജരാക്കിയതുമില്ല. അഫിലിയേഷനില്ലാത്തതിനാൽ പ്രവേശനം നടത്തിയാൽ ഉത്തരവാദിത്തമില്ലെന്ന് ആരോഗ്യസർവകലാശാല നിലപാടെടുത്തതോടെ വിദ്യാർത്ഥികൾ പെരുവഴിയിലായി.
നാലിടത്തുമായി 531കുട്ടികൾ സ്പോട്ട്അഡ്‌മിഷനിൽ പ്രവേശനം നേടിയിരുന്നു. ഗവ.ഡന്റൽ കോളേജുകളിലെ 48 പേരും, സ്വാശ്രയ ഡന്റലിലെ 201 കുട്ടികളും അതുപേക്ഷിച്ച് ഇവിടങ്ങളിലെത്തി. സുപ്രീംകോടതി സ്റ്റേവന്നതോടെ ഇവരെ പഴയ കോഴ്സിലേക്ക് മടങ്ങാൻ അനുവദിച്ചു. എന്നാൽ അഖിലേന്ത്യാക്വോട്ട ഉപേക്ഷിച്ചെത്തിയവരുടെ പുന:പ്രവേശനം കേന്ദ്രം അംഗീകരിച്ചില്ല. ഇവരിൽ ചിലരെ രണ്ടാംസ്പോട്ട് അഡ്‌മിഷനിൽ ഉൾപ്പെടുത്തി. 88കുട്ടികൾ അടച്ചഫീസും സർട്ടിഫിക്കറ്റുകളും വാങ്ങി മറ്റുകോളേജുകളിൽ ചേർന്നു. സീറ്റിന്മേലുള്ള അവകാശം നഷ്ടമാകുമെന്ന് ഭയന്ന് 400ഓളം പേർ അടച്ച 5ലക്ഷംരൂപ തിരികെവാങ്ങാൻ തയ്യാറായിട്ടില്ല. സുപ്രീംകോടതിയുടെ അന്തിമവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ നൂറിലേറെ കുട്ടികൾ പഠനംതുടർന്നിരുന്നു. ഇവർക്ക് ഇക്കൊല്ലം മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നേടാനാവില്ല. അടുത്തവർഷം നീറ്റ് യോഗ്യതനേടിയാലേ തുടർപഠനം സാദ്ധ്യമാവൂ.
ഇവർക്കുപുറമേ പാലക്കാട് കേരള മെഡിക്കൽകോളേജിൽ കഴിഞ്ഞവർഷം പ്രവേശനംനേടിയ 150കുട്ടികളും പ്രതിസന്ധിയിലാണ്. ഒറ്റബാച്ചുള്ള ഇവിടെ അദ്ധ്യാപകർ തീരെ കുറവാണ്. രണ്ടാംവർഷ ക്ലാസ് പേരിനുമാത്രമാണെന്നും ആകെ 4അദ്ധ്യാപകരേയുള്ളൂവെന്നും കുട്ടികളുടെ പരാതിയുണ്ട്. ഇക്കൊല്ലത്തെ പ്രവേശനം ആരോഗ്യസർവകലാശാല വിലക്കിയിട്ടുണ്ട്. 150കുട്ടികളെ മറ്റുകോളേജുകളിലേക്ക് മാറ്റണമെന്ന് മെഡിക്കൽകൗൺസിൽ, ആരോഗ്യസെക്രട്ടറി എന്നിവരോട് ആരോഗ്യസർവകലാശാല നിർദ്ദേശിച്ചിരിക്കുകയാണ്. നേരത്തേ ഇടുക്കി ഗവ.മെഡിക്കൽകോളേജിലെ രണ്ടുബാച്ചുകളെ മറ്റുകോളേജുകളിലേക്ക് മാറ്റിയിരുന്നു.
800 എം.ബി.ബി.എസ് സീറ്റുകളാണ് ഇക്കൊല്ലം നഷ്ടമായത്. നാലിടത്തെ 550നുപുറമേ മൗണ്ട് സിയോൺ-100, കേരള-150, കെ.എം.സി.ടി-50 സീറ്റുകൾക്കാണ് അനുമതിയില്ലാത്തത്
''എം.ബി.ബി.എസ് മാത്രം ലക്ഷ്യമിട്ട നൂറോളം കുട്ടികൾക്ക് ഒരിടത്തും പ്രവേശനം കിട്ടിയിട്ടില്ല. ഇവർക്ക് അടുത്തവർഷം നീറ്റ് എഴുതേണ്ടിവരും. അടച്ചഫീസ് എപ്പോൾവേണമെങ്കിലും തിരിച്ചുവാങ്ങാം''
പി.കെ.സുധീർബാബു,
എൻട്രൻസ് കമ്മിഷണർ
പ്രതിസന്ധി വന്നവഴി
1) മെഡിക്കൽകൗൺസിലും ആരോഗ്യസർവകലാശാലയും അംഗീകാരം നിഷേധിക്കുന്നു
2)രണ്ട് അലോട്ട്മെന്റുകൾ തീരുംവരെ കാത്തുനിന്നശേഷം കോളേജുകൾ കോടതിയിൽ
3)കോളേജുകളുടെ ഹർജിക്ക് അനുകൂലമായി സർക്കാർ സത്യവാങ്മൂലം നൽകുന്നു
4)സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ഹൈക്കോടതി പ്രവേശനനാനുമതി നൽകുന്നു
5)എം.സി.ഐയുടെ ഹർജിയിൽ നാലിടത്തെ പ്രവേശനം സുപ്രീംകോടതി സ്റ്റേചെയ്യുന്നു