നെടുമങ്ങാട് :അരിപ്പയിലെ ഇടതൂർന്ന വനത്തിലെ വന്മരക്കൊമ്പുകളിപ്പോൾ ദേശാടനക്കിളികളുടെ സംഗമവേദിയാകുകയാണ്.തലയെടുപ്പോടെ നിൽക്കുന്ന എല്ലാ മരക്കൊമ്പുകളിലും പലവർണങ്ങളിലുള്ള പക്ഷികളാണ് ചിറകുരുമ്മിയിരിക്കുന്നത്.ഇത് അവരുടെ സീസൺ തന്നെയാണ്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ഈ പക്ഷിസംഗമം ഡിസംബറോടെ അവസാനിക്കുമെന്നാണ് കാടറിയുന്നവർ പറയുന്നത്.അഗസ്ത്യകൂടത്തിലെ വനാന്തരങ്ങളിൽ അത്യപൂർവമായി കാണാറുള്ള നൂറുകണക്കിന് പക്ഷികളാണ് ഇപ്പോൾ അരിപ്പയിലേയ്ക്ക് വിരുന്നെത്തിയിരിക്കുന്നത്. ഇതിൽ രാത്രിഞ്ചരനായ മാക്കാച്ചി കാടയെന്ന അപൂർവ പക്ഷിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. കരിയില വർണത്തിലുള്ള ഇവയെ ഈറ്റക്കാടുകളിൽ കൺനിറയെ കാണാം.പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സവിശേഷതയായി ഉയർത്തി കാട്ടുന്നത് മക്കാച്ചി കാടയെന്ന ശ്രീലങ്കൻ ഫ്രോഗ് മൗത്തിന്റെ സാന്നിദ്ധ്യമാണ്.അതിനു സമാനമായ ജൈവ സങ്കേതമായിരുന്നിട്ടും അരിപ്പയെ ഔദ്യോഗിക പക്ഷിസങ്കേതമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.സ്വച്ഛതയും സുരക്ഷയും അന്യാധീനപ്പെടുന്നതിന്റെ ആകുലതയുമായി പലായനത്തിനുള്ള മുന്നൊരുക്കത്തിലാണ് അരിപ്പയിലെ പറവകൾ. കഴിഞ്ഞ മുപ്പത് വർഷമായി മാസത്തിൽ രണ്ടുതവണ ഒരു തീർത്ഥാടനം പോലെ അരിപ്പ സന്ദർശിക്കാറുള്ള യുവനിരയിലെ പ്രമുഖ പക്ഷിനിരീക്ഷകൻ സി.സുശാന്തിന്റെ നേതൃത്വത്തിൽ അരിപ്പയെ പരിഗണിക്കണമെന്ന് അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. അരിപ്പയുടെ ഈ ജൈവവൈവിദ്ധ്യം തിരിച്ചറിയണമെന്നാണ് പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്നേഹികളുടെയും ആവശ്യം.
ആന, കാട്ടുപോത്ത്, മ്ളാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും ഈ മേഖലയിലുണ്ട്. കമ്പക വൃക്ഷങ്ങൾ പ്രത്യേകം പ്ളാന്റ് ചെയ്ത തോട്ടവും ഉയരം കൂടിയ വിവിധയിനം വൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.
വംശനാശ ഭീഷണിയിൽ
ചെവി പോലെ നീണ്ട തൂവലുകളുള്ള കാട്ടുമൂങ്ങ,ചാരത്തലയൻ ബുൾബുൾ,ഏറ്റവും വലിയ മരങ്കൊത്തിയായ ബ്ളാക്ക് വുഡ്, പെക്കർ എന്ന കാക്ക, ഷാമക്കിളി എന്ന ഇന്ത്യൻ ഷാമ, കാട്ടുതത്ത,കോഴി വേഴാമ്പൽ എന്നിവ വംശനാശ ഭീഷണിയിലാണ്.കാട്ടരുവികളോട് ചേർന്ന് ധാരാളമായി കണ്ടിരുന്ന കാട്ടുപൊടി പൊന്മാൻ, മേനി പൊന്മാൻ, മീൻ കൂമൻ, കിന്നരിപ്പരുന്ത്, ഉപ്പൻ കുയിൽ എന്നിവയും കുറഞ്ഞുവരുന്നു.
1990 ലെ കണക്കെടുപ്പ് പ്രകാരം 270-ലേറെ അപൂർവ പക്ഷികളുണ്ട്
അറിയപ്പെടുന്ന പക്ഷി നിരീക്ഷകരെല്ലാം പതിവായി സന്ദർശനം നടത്തുന്ന മേഖലയാണ് അരിപ്പ.മാക്കാച്ചി കാടയെ തട്ടേക്കാട് സങ്കേതത്തിൽ കണ്ടെത്തുന്നതിനും മുമ്പേ കണ്ടത് അരിപ്പയിലാണെങ്കിലും ആ വിവരം വനംവകുപ്പിന്റ രേഖകളിലില്ല.പ്രശസ്ത പക്ഷി നിരീക്ഷകനും കേരള നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി സ്ഥാപകനുമായിരുന്ന ഇന്ദുചൂഢൻ അരിപ്പയിൽ സ്ഥിരം സന്ദർശകനായിരുന്നു.
വനവികസന കോർപ്പറേഷൻ സംസ്ഥാനത്തെ രണ്ടാമത്തെ ഫോറസ്റ്റ് ട്രൈനിംഗ് കോളേജ് ഇവിടയാണ്. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഫോറസ്റ്റ് അക്കാഡമിക്കായി തറക്കല്ലിട്ടിരിക്കുന്നതും അരിപ്പയിൽ.എന്നിട്ടും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്നതാണ് വസ്തുത.പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, കുളത്തുപ്പൂഴ ലൈവ് സ്റ്റോക്ക്, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ, പൊന്മുടി ഹിൽ റിസോർട്ട് തുടങ്ങി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം 50 കിലോമീറ്റർ ചുറ്റളവിലുള്ളവിലുണ്ട്.