sree-narayana-guru

ശ്രീനാരായണഗുരുദേവൻ മഹാപരിനിർവാണം പ്രാപിച്ചത് 1918 സെപ്തംബർ 20നായിരുന്നു. ആ മഹാപരിനിർവാണത്തിന്റെ നവതി വേളയാണിത്. ലോക സംഗ്രഹത്തിനായി അവതരിച്ച് പ്രവൃത്തിമാർഗത്തെയും നിവൃത്തി മാർഗത്തെയും സമന്വയിപ്പിച്ച് അലൗകികതയിൽ വിലയം ചെയ്ത മഹാഗുരുവിന്റെ അപരിനിർവാണം മഹാമുക്തിയുടെ മൗനാഖ്യാനമാണ്. അതിനാൽത്തന്നെ മഹാസമാധിയുടെ നവതിയെന്നത് മഹാമുക്തിയിലേക്കുള്ള പ്രയാണത്തിന്റെ വിളംബരവേള കൂടിയാണ്.

മഹാസമാധിയുടെ 41-ാം നാളിൽ നടത്തേണ്ടിയിരുന്ന യതിപൂജയാണ് 90 കൊല്ലങ്ങൾക്കുശേഷം ഇപ്പോൾ എസ്.എൻ.ഡി.പി യോഗത്തിന്റെയും ശിവഗിരി മഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നുവരുന്നത്. പരമദൈവം സൃഷ്ടിച്ച മഹാ പ്രസ്ഥാനങ്ങളായ എസ്.എൻ.ഡി.പി യോഗവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും ഇന്ന് ഐക്യത്തോടെ മുന്നേറുകയാണ്. സർവ വിഭാഗീയതകളെയും ഭസ്മീകരിച്ച ഒരുമയുടെ തത്വശാസ്ത്രമാണ് മഹാഗുരു വിഭാവനം ചെയ്തത്. മനുഷ്യത്വത്തിന്റെ ഉദ്ഗായകനായ ഗുരു സർവ ജനതയുടെയും ചിത്തങ്ങളെ ഇണക്കി പ്രസരിപ്പിച്ചു. ഇൗ ഇണക്കം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിന്റെ പരിച്ഛേദനമാണ് ശിവഗിരിയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം. ഇൗ ഐക്യം യോഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു നിയോഗം കൂടിയായി കാണുന്നു.

41 ദിവസത്തെ മണ്ഡല മഹാപൂജ നാളെ പര്യവസാനിക്കുന്നത് യതിപൂജയോടെയാണ്. ഭാരതത്തിലെ എല്ലാ സന്യാസി പരമ്പരയിലുംപെട്ട സന്യാസി ശ്രേഷ്ഠരെ ക്ഷണിച്ചുവരുത്തി ഗുരുനാമത്തിൽ അവരെ പൂജിക്കുന്ന ചടങ്ങാണ് യതിപൂജ. ദേഹേന്ദ്രീയ ബോധം ഉപശമിച്ച് കാലം ആസ്തി ഭാതി പ്രിയങ്ങൾ വിട്ടകന്നവരും രാഗദ്വേഷ മാത്സര്യാദികൾ വെടിഞ്ഞ് നിവൃത്തിമാർഗത്തിൽ ചരിക്കുന്നവരാണ് യതികൾ. അങ്ങനെയുള്ള ദൃഢബോധന്മാരെ ഗുരുദേവനാമത്തിൽ പൂജ ചെയ്യുന്ന സദ്കർമ്മമാണ് യതിപൂജ. അത് വാക്കിനും മനസിനും ചെന്ന് എത്താനാകാത്ത മഹാനിർവൃതിയുടെ പരിപൂർണലയമാണ്.

യതികളെ യഥോചിതം പൂജിക്കുന്നതിലൂടെ ഗുരുദേവൻ വിഭാവനം ചെയ്ത സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തിന്റെ സംസ്ഥാപനം ഗുരുവിന്റെ സംന്യസ്ത ഗൃഹസ്ഥ ശിഷ്യസമൂഹത്തിലേക്ക് പകരുക കൂടിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ യതിപൂജയിൽ ഭാഗഭാക്കാവുകയെന്നാൽ ഗുരുധർമ്മത്തിന്റെയും ഗുരുമാർഗത്തിന്റെയും വെളിച്ചംകൊണ്ട് നമ്മുടെ സമൂഹത്തെ പ്രകാശിപ്പിക്കുക എന്നാണർത്ഥം.

90 കൊല്ലം മുൻപ് ഗുരുദേവ മഹാസമാധിയുടെ 41-ാം നാൾ നടക്കേണ്ടിയിരുന്ന സദ്കർമ്മങ്ങളായിരുന്നു ഇതെല്ലാം. പക്ഷേ, അതിനുള്ള കാലമായിവന്നത് ഇപ്പോഴാണ്. ഇൗ മഹാരാധനകളിൽ ജാതിമതദേശഭാഷാഭേദമന്യെ എല്ലാ സുമനസ്സുകളും ഭാഗഭാക്കായി ലോകഹിതം നിറവേറ്റട്ടെയെന്ന് സവിനയം പ്രാർത്ഥിക്കുന്നു.