ഒരു സന്യാസി വര്യൻ സമാധിയടഞ്ഞാൽ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മമായി അനുഷ്ഠിച്ചുവരുന്നതാണ് യതിപൂജ. പല കാരണങ്ങളാൽ ഗുരുദേവന്റെ യതിപൂജ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് 90 വർഷം പിന്നിട്ടിട്ടും നടന്നിട്ടില്ല. ഇൗ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി സമുദായം ഒന്നടങ്കം മനസുകൊണ്ടും ദേഹസാന്നിദ്ധ്യംകൊണ്ടും ഇൗ യജ്ഞത്തിൽ പങ്കാളികളാകുന്നു. ശിവഗിരി മഠം മുൻകൈയെടുത്തു നടത്തുന്ന ഇൗ മഹായജ്ഞത്തിൽ സംബന്ധിക്കാൻ സംസ്ഥാനത്തിനു അകത്തും പുറത്തും നിന്ന് ലക്ഷക്കണക്കിന് ആളുകൾ ശിവഗിരിലെത്തുന്നു.
ആത്മീയ നിറവുള്ള ഒരു ആചാരം എന്നതിനപ്പുറം യതിപൂജയുടെ പ്രാധാന്യവും പ്രസക്തിയും ഏറുന്നത് ഗുരുദർശനങ്ങളെ പ്രായോഗികതലത്തിൽ സ്വാംശീകരിക്കാൻ കഴിയുമ്പോൾ മാത്രമാണ്. പ്രത്യേകിച്ചും, സമകാലികജീവിത സാഹചര്യങ്ങൾ ഗുരുവചനങ്ങളെയും ഗുരുദർശനങ്ങളെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
ഇന്ന് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകളും വിഭാഗീയതയും നമുക്ക് സങ്കല്പിക്കാൻ കഴിയാത്തവിധത്തിൽ അധികരിച്ചിരിക്കുന്നു. ചാതുർവർണ്യത്തെ അനുസ്മരിപ്പിക്കുന്ന പെരുമാറ്റ വൈകല്യങ്ങളിലൂടെ പുരോഗമന വീക്ഷണവും മാറിയ കാലത്തിന്റെ കാഴ്ചപ്പാടുകളും തീർത്തും അർത്ഥശൂന്യമാണെന്ന് ചിലർ നമ്മെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവർണ വിഭാഗത്തിൽപ്പെട്ട പൂജാരിയെ ആന്തരികമായും ബാഹ്യമായും അംഗീകരിക്കാൻ പല സവർണയാഥാസ്ഥിതികർക്കും വൈമുഖ്യമാണ്. ഹൈന്ദവ ഐക്യമെന്ന സങ്കല്പംപോലും ഇക്കൂട്ടർ താത്കാലിക കാര്യലാഭങ്ങൾക്കും വോട്ടുബാങ്ക് രാഷ്ട്രീയത്തിനുള്ള കുറുക്കുവഴിയായി മാറ്റിയെടുത്തിരിക്കുന്നു.
മനുഷ്യൻ, മാനവികത, മാനുഷികത തുടങ്ങിയ പദങ്ങൾപോലും നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. ജാതിയും മതവും ജീവിതത്തിന്റെ സമസ്ത മേഖലകളിലും വികലമായ സ്വാധീനം ചെലുത്തുന്നുണ്ട്. പല ആത്മീയ നേതാക്കളും അവർ ജനിച്ച മതത്തിന്റെ വക്താവോ പ്രയോക്താവോ ആയി മാറിയപ്പോൾ അവരിൽനിന്ന് വിഭിന്നമായി ഗുരുവിന്റെ വീക്ഷണങ്ങൾ ഉദാത്ത തലം കൈവരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആത്മീയത കേവലം പ്രാർത്ഥനയിലും തപചര്യയിലും ഒതുങ്ങുന്ന ഒന്നല്ലെന്നും ലൗകിക ജീവിതവും ആദ്ധ്യാത്മികതയും വേർപ്പെടുത്താനാകാത്തവിധം പരസ്പരപൂരകമാണെന്നും ഗുരു അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം പറഞ്ഞു. സംഘടന കൊണ്ട് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക, വ്യവസായംകൊണ്ട് അഭിവൃദ്ധിപ്പെടുക, കൃഷി ഒരു ശീലമാക്കുക, എന്നെല്ലാം നിർദ്ദേശിച്ചു. ധനം, അറിവ്, കാർഷിക വിളകൾ, ഐക്യബോധം, ഇതെല്ലാം മനുഷ്യന്റെ നിലനില്പിനും വളർച്ചയ്ക്കും ആവശ്യമാണെന്ന് അദ്ദേഹം നമ്മെ ബോദ്ധ്യപ്പെടുത്തി. എന്നാൽ ആ ബോദ്ധ്യം പ്രായോഗികതലത്തിൽ കൊണ്ടുവരാൻ നമുക്ക് എത്രത്തോളം കഴിഞ്ഞുവെന്നത് ചിന്തോദ്വീപകമാണ്. സമത്വത്തിന്റെയും സോഷ്യലിസത്തിന്റെയും അടിസ്ഥാന പാഠങ്ങൾ ഗുരുദർശനത്തിന്റെ അന്തർധാരയായി വർത്തിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
അദ്ദേഹം എഴുതി:
അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനായി വരേണം
തന്റെയും അന്യന്റെയും ആത്മസുഖമെന്നത് പാരസ്‌പര്യത്തിലധിഷ്ഠിതമാണെന്ന ഉദാത്ത ചിന്ത ഗുരുവിനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. മിശ്രവിവാഹവും പന്തിഭോജനവും അനിവാര്യമാണെന്ന് പറയുക മാത്രമല്ല, പ്രവൃത്തിയിലൂടെ മാതൃക കാട്ടാനും അദ്ദേഹം പരിശ്രമിച്ചു. ശിവഗിരിമഠത്തിന്റെ പ്രവേശന കവാടത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഒരു വചനം ഇപ്പോഴും നമുക്ക് കാണാം.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
മതത്തിൽ മാത്രമല്ല, മനുഷ്യനുള്ള എല്ലായിടത്തും അദ്ദേഹം ആഗ്രഹിച്ചതും ഇൗ തരത്തിൽ ഒരു നവലോകമാണ്. നിർഭാഗ്യവശാൽ ഇന്ന് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ആ ലോകമാണ്. എന്നാൽ, അപൂർവം ചിലരെങ്കിലും ജാതിമത ചിന്തകളുടെ മതിൽക്കെട്ടുകൾ ഭേദിച്ച് മനുഷ്യനെ മനുഷ്യനായി കാണാൻ സന്നദ്ധമാകുന്നതുതന്നെ ഗുരു മുന്നോട്ടുവച്ച ആശയലോകത്തിന്റെ സ്വാധീനഫലമാണെന്ന് കരുതാം.
സമീപകാലത്ത് എന്റെ ചിലവാദമുഖങ്ങൾ ഗുരുദർശനത്തിന് വിപരീതമാണെന്ന് ചില അപക്വമതികൾ പ്രചരിപ്പിക്കുകയുണ്ടായി. അതിന്റെ വസ്തുതകൾകൂടി വിശദമാക്കേണ്ടതുണ്ട്. ജാതി പറയേണ്ടിടത്ത് ജാതി പറയണമെന്ന് ഞാൻ പറഞ്ഞുവെന്നായിരുന്നു ആക്ഷേപം. അതായത് ഒരു പ്രത്യേക സമുദായത്തിൽ ഒരാൾ ജനിക്കുന്നത് അയാൾ ആഗ്രഹിച്ചിട്ടോ ആവശ്യപ്പെട്ടിട്ടോ അല്ല. അതിന്റെ പേരിൽ അവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നത് മനുഷ്യാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ഇത്തരത്തിൽ സാമൂഹ്യസമത്വം നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അവകാശസമരത്തിന്റെ ഭാഗമായി പ്രതികരിക്കണമെന്ന് മാത്രമാണ് ഞാൻ അർത്ഥമാക്കിയത്. ഇത് ജാതി അടിസ്ഥാനത്തിൽ സംഘടിച്ച് ഇതര മതസ്ഥർക്കും സമുദായങ്ങൾക്കും എതിരെ പ്രവർത്തിക്കണമെന്ന അർത്ഥത്തിൽ ചിലർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഗുരുവചനങ്ങൾക്ക് വിരുദ്ധമായ നിലപാടല്ല ഇത്. എല്ലാ സമുദായങ്ങളെയും മതങ്ങളെയും ഉൾക്കൊണ്ടും സ്നേഹിച്ചും ആദരിച്ചും സാമൂഹ്യ നന്മയിൽ അധിഷ്ഠിതമായ സമീപനം സ്വീകരിക്കണമെന്നുതന്നെയാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രഖ്യാപിത നിലപാട്. ഗുരുവിന്റെ ആദ്ധ്യാത്മിക ദർശനങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ശിവഗിരിമഠവുമായി പൂർണമനസോടെ കൈകോർത്ത് പിടിച്ച് സഞ്ചരിക്കുന്ന ഒരു നിലപാടിലേക്കും യോഗം എത്തപ്പെട്ടിരിക്കുന്നു.
നവകേരള നിർമ്മിതിയെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ആത്മീയ ആചാര്യനും ഗുരുവല്ലാതെ മറ്റാരുമല്ല. എന്നാൽ ചിലർക്കെങ്കിലും അദ്ദേഹത്തെ ഒരു പ്രത്യേക സമുദായത്തിന്റെ വക്താവായി കാണാനാണിഷ്ടം. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവചനത്തിന്റെ ഉൗന്നൽ ഏറെ മാനങ്ങൾ ഉള്ള ഒന്നാണ്.
മതം ഏതുമായിക്കൊള്ളട്ടെ അത് പ്രസക്തമല്ലെന്നും മനുഷ്യനന്മയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സങ്കല്പം കുറേക്കൂടി വ്യക്തവും സ്പഷ്ടവുമാണ്. മനുഷ്യജാതി, മനുഷ്യമതം, മനുഷ്യദൈവം എന്നിങ്ങനെ പൂർണമായും മാനവികതയിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യ ജീവിത ക്രമത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്.
അഹം ബ്രഹ്മാസ്‌മി അഥവാ, ഞാൻ ബ്രഹ്മമാകുന്നു എന്ന് അദ്വൈത സിദ്ധാന്തം പറയുന്നു. ദൈവംപോലും മനുഷ്യന് അന്തർലീനമാണെന്ന വിശ്വാസ സംഹിതയുടെ പിന്തുടർച്ചക്കാരനായിരുന്നു ഗുരു. ഇൗശ്വരൻ മനുഷ്യനിൽനിന്ന് വേറിട്ട ഒന്നല്ലെന്ന ഗുരുദർശനത്തിന്റെ സൂചകമാണ് അദ്ദേഹം അവസാന കാലത്ത് നിർവഹിച്ച കണ്ണാടിപ്രതിഷ്ഠകൾ. മനുഷ്യന്റെ ശക്തിയിലും കഴിവുകളിലും അഗാധമായ പ്രതീക്ഷയും വിശ്വാസവും വച്ചുപുലർത്തിയ ഗുരു, മതാതീതമായ ജീവിതദർശനം മാനവരാശിയുടെ വളർച്ചയ്ക്കും വികാസത്തിനും അനിവാര്യമാണെന്നും ഉത്ബോധിപ്പിച്ചു. കാലമെത്ര കഴിഞ്ഞാലും ആ ദർശനങ്ങളുടെ അർത്ഥവും വ്യാപ്തിയും ഏറിവരികയേയുള്ളൂ. സമകാലിക സമൂഹം അത് തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. എന്നതിന്റെ ശുഭസൂചനകൾ കലാപ കലുഷിതമായ അന്തരീക്ഷത്തിലും പ്രതീക്ഷയ്ക്ക് വകനൽകുന്നു.
ടെക്കികളെന്നും സോഷ്യൽ മീഡിയ അഡിക്ടുകളെന്നും ന്യൂ ജനറേഷനെന്നും നാം അധിക്ഷേിപിക്കുന്ന പുതിയ തലമുറ എല്ലാത്തരം വിഭാഗീയതകളും വെടിഞ്ഞ് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യമത്യത്തിന്റെയും പാത തേടുന്നു. പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തങ്ങൾ ഗുരുവചനത്തിന്റെ പ്രായോഗിക സാദ്ധ്യതകൾ നമ്മെ ബോദ്ധ്യപ്പെടുത്തി. എല്ലാവിഭാഗീയ ചിന്തകളും മറന്നു ജീവനും നിലനില്പിനും വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മൾ ഒന്നിച്ച് ഒന്നായി നിലകൊണ്ടു. അതിന്റേതായ ഗുണഫലങ്ങളും തിരിച്ചറിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെയോ താത്വികമായ വിശ്വാസസംഹിതകളുടെയോ പിൻബലമില്ലാത്ത സാധാരണ മത്സ്യത്തൊഴിലാളികൾ സ്വന്തം ജീവൻപോലും അവഗണിച്ച് സഹജീവികളുടെ സുരക്ഷയ്ക്കുവേണ്ടി നിലകൊണ്ടു. അപ്പോൾ ആത്യന്തികമായി മനുഷ്യന്റെ നിലനില്പും സുരക്ഷയും തന്നെയാണ് പ്രധാനം. അത് സുസാദ്ധ്യമാകാൻ എല്ലാത്തരം മതിൽക്കെട്ടുകളും ഭേദിച്ച് ഏക മനസോടെ അവൻ നിലകൊള്ളണം. പാരസ്പര്യമാകണം അതിന്റെ ജാതിയും മതവും.
ഗുരു ഒരു നൂറ്റാണ്ടായി നമ്മോട് പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും പറയാതെ പറഞ്ഞതും സമാനമായ ആശയങ്ങളാണ്. 1924ൽ ആലുവയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ വച്ച് ഗുരു പറഞ്ഞ ചില വാക്കുകൾ ഇന്നും ഏറെ പ്രസക്തമാണ്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് സമ്മേളനം. വിശ്വാസങ്ങളുടെ പേരിൽ പരസ്പരം കലഹിക്കുകയും പോർവിളിക്കുകയും ചെയ്യുന്നവർ ഇത്തരം ഗുരുവചനങ്ങൾ കാണാതെ പോകരുത്. ഇനിയെങ്കിലും കൂടുതൽ ആത്മാർത്ഥതയോടെ സത്യസന്ധതയോടെ വൈകാരികതയോടെ ഗുരുദർശനങ്ങൾ പ്രായോഗിക തലത്തിലെത്തിക്കാൻ നമുക്ക് ഏക മനസോടെ പരിശ്രമിക്കാം.