കല്ലറ: ഭരതന്നൂർ ഗവ. ആയുർവേദാശുപത്രിയിൽ ഡോക്ടർ സ്ഥിരമായി എത്താതിരിക്കുന്നത് രോഗികളെ വലയ്ക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് ഇവിടെ ഡോക്ടർ ഉണ്ടാവുക എന്നാണ് നാട്ടുകാരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രിക്കുള്ളിൽ ബോർഡും വച്ചിട്ടുണ്ട്. ഭരതന്നൂർ നെല്ലിക്കുന്നിലാണ് ആയുർവേദ ആശുപത്രിയുള്ളത്. 2010 മുതലാണ് ഭരതന്നൂർ ഗവ. ആയുർവേദ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ദിവസേനെ 50 നും 100നും ഇടയിൽ രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. എന്നാൽ ഡോക്ടർ സ്ഥലത്തില്ലാത്ത കാരണത്താൽ രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങുകയാണ് പതിവ്. പ്രാഥമികാരോഗ്യ കേന്ദ്രളിൽ എല്ലാ ദിവസവും ഡോക്ടർ എത്തണമെന്നാണ് ചട്ടം .ഡ്യൂട്ടി ഡോക്ടർ അവധി എടുക്കുന്ന ദിവസങ്ങളിൽ പകരം ഡോക്ടറെ എത്തിക്കണമെന്നും നിർദ്ദേശമുണ്ട്. നിയമങ്ങൾ ഇങ്ങനെ ഇരിക്കെയാണ് ഇവിടെ ഡോക്ടറുടെ സേവനം ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുങ്ങിയത്. മേഖലയിലെ ഏക ഗവ.ആയുർവേദ ആശുപത്രിയാണ് ഇത്. പാലോടും പരപ്പിലുമാണ് മറ്റ് ചികിത്സാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. രോഗികൾക്ക് ഈ സ്ഥലങ്ങളിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം. മലയോര മേഖല ആയതിനാൽ തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കാരാണ് ചികിത്സ തേടി എത്തുന്നത്. ഇതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന ഡോക്ടർ ഞായറാഴ്ച ഒഴികെ മറ്റ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ അവർ സ്ഥലം മാറി പോയ ശേഷമാണ് ഡോക്ടറുടെ സേവനം മൂന്ന് ദിവസമായി ചുരുങ്ങിയതെന്നാണ് ആരോപണം.